2021 നവംബർ റിലീസായ ജാൻ എ മൻ ഒരു ഫൺ എന്റർടെയ്‌നറായിരുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഹിറ്റായിരുന്നു. 50 കോടിക്ക് മുകളിൽ സിനിമ കളക്ട് ചെയ്‌തെന്നാണ് റിപ്പോർട്ട്. വലിയ താരങ്ങളില്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന് ഇന്നും റിപ്പീറ്റ് വാല്യൂ ഉണ്ട്. ഒരു ഹിന്ദി-ഉറുദു വാക്കായ ജാൻ എ മന്നിന്റെ അർഥം പ്രിയപ്പെട്ടയാൾ എന്നാണ്. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട രംഗവുമായി ബന്ധപ്പെട്ടതായിരുന്നു ഈ വാക്കുകൾ.
ജാൻ എ മൻ എന്ന ചിത്രത്തിൻറെ പേരുമാറ്റണമെന്നതിനെ കുറിച്ചുണ്ടായ ഒരു സംസാരത്തെ കുറിച്ച് രേഖാ മേനോനുമായുള്ള അഭിമുഖത്തിൽ സംവിധായകനും നടനുമായ ലാൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ആയിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രത്തിന്റെ ഈ പേരുകേട്ടാൽ താനായാൽ തിയേറ്ററിൽ പോകില്ലെന്നും പേരു മാറ്റണമെന്നും സംവിധായകനോട് ആവശ്യപ്പെട്ടുവെന്നും ലാൽ പറയുന്നു.
പുതിയ സംവിധായകരുമായുള്ള അനുഭവം എങ്ങനെയായിരുന്നു എന്നായിരുന്നു രേഖ മേനോന്റെ ചോദ്യം, ഇതിന് ലാലിന്റെ മറുപടി ഇങ്ങനെ: 'പടത്തിലെ എല്ലാം ഇഷ്ടമായി, ജാൻ എ മൻ എന്ന പേരുമാത്രം ഇഷ്ടമായില്ല എന്ന് ചിദംബരത്തിനോട് പറഞ്ഞു. നിങ്ങൾ ആളുകയറരുതെന്ന് എന്തിനാണ് വാശിപിടിക്കുന്നത്. ആ പേര് കേട്ട് കഴിഞ്ഞാൽ ഞാൻ പോകില്ല, ജാൻ എ മൻ എന്ന പേരുമാറ്റെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ഒഴിഞ്ഞ് മാറി, പക്ഷേ ആ പേര് കറക്ടായിരുന്നുവെന്ന് കൃത്യമായി ചിദംബരം തെളിയിച്ചു തന്നു' എന്ന് ലാൽ പറയുന്നു.