കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മഹാനടി. കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങിക്കൊടുത്ത സിനിമ. മഹാനടി എന്ന സിനിമയുടെ വിജയത്തിന് ശേഷം താൻ ആറുമാസത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നതായി മുൻപ് നടന്ന ഒരു അഭിമുഖത്തിൽ നടി കീർത്തി വെളിപ്പെടുത്തിയിരുന്നു. ഇത് വീണ്ടും ചർച്ചയാവുകയാണ്.
ആ സമയത്ത് തനിക്ക് പുതിയ ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും എന്നാൽ ഒരു ഇടവേള ആഗ്രഹിച്ചിരുന്നതിനാൽ അന്ന് ആറുമാസം വീട്ടിലിരുന്നതെന്നും കീർത്തി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വിജയിച്ച ഒരു നായികയ്ക്ക് ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല എന്ന് കേട്ടപ്പോൾ പലർക്കും അത്ഭുതമായി തോന്നി. എന്നാൽ അതിനെക്കുറിച്ച് അന്ന് താൻ വിഷമിച്ചിട്ടില്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.
മഹാനടി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അഞ്ച് ചിത്രങ്ങളിലാണ് ഒരേ സമയം അഭിനയിച്ചിരുന്നത്. അജ്ഞാതവാസി, താനാ സേർന്ത കൂട്ടം, സാമി 2, മഹാനടി, സണ്ടക്കോഴി 2 തുടങ്ങിയ സിനിമകൾ ഒരേസമയം ഷൂട്ട് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു താൻ. ഈ സിനിമകൾക്ക് ശേഷം ഒരു വലിയ ഇടവേള എടുക്കണമെന്ന് അന്ന് താൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മഹാനടിയുടെ വലിയ വിജയത്തിന് ശേഷം ആറുമാസം വീട്ടിൽ വിശ്രമിച്ചത്. അത് തനിക്ക് വളരെ സന്തോഷം നൽകിയ സമയമായിരുന്നുവെന്ന് നടി വ്യക്തമാക്കി.
അതേസമയം, 'കണ്ണിവേദി', 'റിവോൾവർ റീത്ത' തുടങ്ങിയ ചിത്രങ്ങളാണ് ഇനി താരത്തിന്റയെതായി വരാനിരിക്കുന്നത്. ഇവ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും കീർത്തി സുരേഷ് അഭിനയിക്കുന്നുണ്ട്. മഹാനടിയിലൂടെ കീർത്തി തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു.