'ആദ്യം മകളോട് പ്രതിഫലം കുറയ്ക്കാൻ പറ'; വിമർശകരോട് സുരേഷ് കുമാറിന് ചിലത് പറയാനുണ്ട്

നിഹാരിക കെ.എസ്

ചൊവ്വ, 11 ഫെബ്രുവരി 2025 (16:48 IST)
നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന നിർമാതാവാണ് ജി സുരേഷ് കുമാർ. താരങ്ങളുടെ ഉയർന്ന പ്രതിഫലത്തിനെതിരെ ഒന്നിലേറെ തവണ സുരേഷ് കുമാർ സംസാരിച്ചിട്ടുണ്ട്.‌ താരങ്ങളുടെ പ്രതിഫലം അമ്പരപ്പിക്കുന്നതാണെന്നും പലർക്കും സിനിമാ രം​ഗത്തോട് പ്രതിബന്ധതയില്ലെന്നും വിമർശിച്ചു. സുരേഷ് കുമാറിന്റെ പ്രസ്താവനയെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് മകളായ നടി കീർത്തി സുരേഷിന്റെ പ്രതിഫലമാണ്.
 
തമിഴിലെയും തെലുങ്കിലെയും തിരക്കേറിയ നടിയായ കീർത്തിക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നുണ്ട്. മലയാളത്തിൽ സജീവമല്ലെങ്കിലും സജീവമായ ഇൻഡസ്ട്രികളിൽ വൻ തുകയാണ് കീർത്തി പ്രതിഫലമായി വാങ്ങുന്നത്. വാശിയാണ് കീർത്തി അവസാനം ചെയ്ത മലയാള സിനിമ. ടൊവിനോ തോമസായിരുന്നു നായകൻ, സുരേഷ് കുമാറാണ് സിനിമ നിർമ്മിച്ചത്. ഇപ്പോഴിതാ വാശിയിൽ ടൊവിനോയും കീർത്തിയും വാങ്ങിയ പ്രതിഫലം സൂചിപ്പിച്ചിരിക്കുകയാണ് സുരേഷ് കുമാർ.
 
ടൊവിനോയേക്കാളും താരമൂല്യമുള്ള കീർത്തിക്കാണോ വാശിയിൽ പ്രതിഫലം കൂടുതൽ ലഭിച്ചതെന്ന ചോദ്യത്തിന് മനോരമ ന്യൂസിൽ മറുപടി നൽകുകയായിരുന്നു നിർമാതാവ്. വാശിയുടെ ബഡ്ജറ്റിൽ പ്രശ്നമൊന്നും ഉണ്ടായില്ല. ടൊവിനോ അങ്ങനെയാെരു ബ‍ഡ്ജറ്റിലല്ല ആ പടത്തിൽ അഭിനയിച്ചത്. അതുകൊണ്ടാണ് ആ പടത്തിൽ ലാഭമുണ്ടാക്കാനായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരുണ്ട്. ടൊവിനോ ആ പടത്തിൽ അങ്ങനെയാെരു പ്രതിഫലമല്ല ചോദിച്ചത്. ചിലപ്പോൾ അതിലും കൂടുതൽ വാങ്ങുന്നയാളായിരിക്കും. മര്യാദക്കാരായ ആർട്ടിസ്റ്റുകളുമുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. പക്ഷെ പലരും വാങ്ങിക്കുന്നത് കൂടുതലാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി.  
 
കീർത്തി വാശിയിൽ അഭിനയിക്കാൻ പ്രതിഫലം ചോദിച്ച് വാങ്ങിച്ചോ എന്ന് ചോദിച്ചപ്പോൾ ഉള്ളത് കൊടുത്തെന്നാണ് സുരേഷ് കുമാർ നൽകിയ മറുപടി. പ്രതിഫലം കുറയ്ക്കാൻ പറയുമ്പോൾ മോളോടും കൂടി പറയെന്ന് പലരും പറയാറുണ്ട്. അവളോടും ഞാൻ ഇത് തന്നെയാണ് പറയാറ്. പ്രൊഡ്യൂസറുണ്ടെങ്കിലേ സിനിമയുള്ളൂയെന്ന് സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍