മലയാള സിനിമ ഇപ്പോള്‍ അതിന്റെ സുവര്‍ണ്ണകാലത്തിലൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഫെബ്രുവരി മാസം മുതല്‍ ഇറങ്ങുന്ന സിനിമകളെല്ലാം മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഇന്ത്യയാകെ നേടുന്നത്. വിഷു റിലീസുകളായി ഫഹദ് ഫാസില്‍ ചിത്രമായ ആവേശവും ധ്യാന്‍ പ്രണവ് സിനിമയായ വര്‍ഷങ്ങള്‍ക്ക് ശേഷവുമാണ് ഇക്കുറി പ്രധാനമായും ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയത്. ഒരേദിവസം തന്നെയായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തത്.
സിനിമയുടെ റിലീസ് തീയ്യതി ഒന്നാം സ്ഥാനം വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിയതായി നടന്‍ ധ്യാന്‍ അഭിപ്രായപ്പെട്ടിരുന്നു. സിനിമ ആദ്യദിനത്തില്‍ കണ്ടിറങ്ങിയ ശേഷമായിരുന്നു ധ്യാനിന്റെ പ്രതികരണം.ആവേശം നല്ല രീതിയിലുള്ള പ്രതികരണങ്ങള്‍ നേടുന്നുണ്ടെങ്കിലും സെക്കന്‍ഡ് ഹാഫില്‍ ലാഗുള്ള സിനിമയാണ് ആവേശമെന്ന് ധ്യാന്‍ തമാശരൂപേണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും വിഷുവിന് ഒന്നാം സ്ഥാനം ആവേശം സ്വന്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ധ്യാനിന്റെ കമന്റിനോട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആവേശത്തിന്റെ സംവിധായകനായ ജിത്തു മാധവന്‍.
ഈ വര്‍ഷം മലയാള സിനിമയില്‍ ഒട്ടെറെ ബ്ലോക്ക്ബസ്റ്ററുകളുണ്ടെന്നും എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ ലാഗുള്ള ബ്ലോക്ക് ബസ്റ്റര്‍ ആവേശം മാത്രമാണ് എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിത്തു മാധവന്റെ പ്രതികരണം.