തിര 2 സംഭവിക്കാം, പക്ഷേ സംവിധാനം ചെയ്യുക വിനീത് ശ്രീനിവാസനാകില്ല, വെബ് സീരീസായി പ്രതീക്ഷിക്കാം

അഭിറാം മനോഹർ

വെള്ളി, 12 ഏപ്രില്‍ 2024 (20:51 IST)
Thira 2
മലയാളികളുടെ ഇഷ്ട സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സംവിധായകനെന്ന നിലയിലാണ് വിനീത് ശ്രീനിവാസന്‍ അറിയപ്പെടുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകളില്‍ തിര എന്ന സിനിമ മാത്രമാണ് വേറിട്ടുനില്‍ക്കുന്ന സിനിമ. ധ്യാന്‍ ശ്രീനിവാസന്‍,ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ 3 ഭാഗങ്ങളായുള്ള സിനിമായിട്ടായിരുന്നു തിര പ്ലാന്‍ ചെയ്തത്. എന്നാല്‍ സിനിമയ്ക്ക് തിയേറ്ററുകളില്‍ വലിയ വിജയമാകാനായില്ല. റിലീസിന് ശേഷമാണ് പ്രേക്ഷകര്‍ക്കിടയില്‍ സിനിമ വലിയ രീതിയില്‍ ചര്‍ച്ചയായത്.
 
നിലവില്‍ മനസ്സിനെ അലോസരപ്പെടുത്തുന്ന ഡാര്‍ക്ക് പശ്ചാത്തലമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നില്ല എന്നതാണ് വിനീത് ശ്രീനിവാസന്റെ തീരുമാനം. തിര 2 എപ്പോള്‍ സംഭവിക്കുമെന്ന ചോദ്യത്തിന് വിനീത് നല്‍കുന്ന മറുപടിയും ഇത് തന്നെ. എന്നാല്‍ തിരയുടെ ബാക്കി ഭാഗങ്ങള്‍ മറ്റേതെങ്കിലും സംവിധായകന്‍ ചെയ്യുമെന്ന സാധ്യതകളെ വിനീത് തള്ളികളയുന്നില്ല. ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ പ്രത്യേകം താത്പര്യമുണ്ട്. എങ്കിലും ധ്യാനും സിനിമ സംവിധാനം ചെയ്യാനിടയില്ല. ഈ സാഹചര്യത്തില്‍ തിരയുടെ തുടര്‍ഭാഗങ്ങള്‍ വെബ് സീരീസായി സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് സിനിമയുടെ തിരക്കഥാകൃത്തായ രാകേഷ് മാന്തോടി പറയുന്നത്.
 
3 ഭാഗങ്ങളിലായി ചെയ്യാനാണ് പ്ലാന്‍ ചെയ്തതെങ്കിലും തിരയ്ക്ക് തിയേറ്ററുകളിലുണ്ടായ പരാജയം സിനിമയുടെ തുടര്‍ച്ച ചെയ്യുന്നതിനെ ബാധിച്ചെന്നാണ് രാകേഷ് മാന്തോടി പറയുന്നത്. പൃഥ്വിരാജിനെ വെച്ച് തിര 2ന്റെ ടീസര്‍ അടക്കം ആലോചിച്ചിരുന്നതാണ്. എന്നാല്‍ പ്രേക്ഷകര്‍ സിനിമ തള്ളിയതോടെ ഇതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വെബ് സീരീസുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തിര 2 ചെയ്യാനുള്ള അവസരമാണ്. തിര വെബ് സീരീസായി ചെയ്യുവാന്‍ ആലോചനയുണ്ട്. പുതിയ ഒരു സീരീസായി തന്നെ തിര അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ അതിലേക്ക് പൂര്‍ണ്ണമായും കടന്നിട്ടില്ല.ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ രാകേഷ് മാന്തോടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍