സ്വാമീസ് ലോഡ്ജിലെ സംഭവങ്ങള്‍ അച്ഛന്റെയോ ലാലങ്കിളിന്റെയോ കഥയല്ല: വര്‍ഷങ്ങള്‍ക്ക് ശേഷത്തിനെ പറ്റി വിനീത് ശ്രീനിവാസന്‍

അഭിറാം മനോഹർ

ബുധന്‍, 27 മാര്‍ച്ച് 2024 (20:56 IST)
ഹൃദയം എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന സിനിമ എന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഏപ്രില്‍ 11ന് റിലാസാകുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം ധ്യാന്‍ ശ്രീനിവാസനാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോടാമ്പാക്കത്തെ പഴയകാല ജീവിതവും സ്വാമീസ് ലോഡ്ജുമെല്ലാം വിഷയമാകുന്ന സിനിമ പറയുന്നത് ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ജീവിതമാണെന്ന് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍.
 
ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും പുറത്തുവന്നതോടെ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ജീവിതമാണോ സിനിമ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇത് അവരുടെ കഥയല്ലെന്ന് മാത്രമെ പറയാനുള്ളു. എന്നാല്‍ പലരില്‍ നിന്നും കേട്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ സിനിമയ്ക്കായി എടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ചില സംഭവങ്ങളുമായി സിനിമയ്ക്ക് സാമ്യം തോന്നാമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. ലീഫി സ്‌റ്റോറിസിനോടാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
എന്റെയെല്ലാം ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എഴുപതുകളിലെയും എണ്‍പതുകളിലെയും കഥകളാണ് അതെല്ലാം തന്നെ. കോടാമ്പക്കത്തെ പലകഥകളും നമുക്ക് ചുറ്റുമുള്ളവരില്‍ നിന്നും കേട്ടിട്ടുണ്ട്. അച്ഛന്‍ സിനിമയില്‍ എത്തുന്നതിനെ പറ്റിയും സ്വാമീസ് ലോഡ്ജിലെ താമസത്തെ പറ്റിയും അന്നത്തെ തമാശകളെ പറ്റിയും ഏറെ കേട്ടിട്ടുണ്ട്. അങ്ങനെ അവിടെ നിന്നും ഇവിടെ നിന്നും കേട്ടിട്ടുള്ള കഥകള്‍ സിനിമയിലേക്കെടുത്തിട്ടുണ്ട്. എന്നാല്‍ ആരുടെയും ജീവചരിത്രം പോലെയൊന്നുമല്ല സിനിമ. വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍