അവനു മലയാളം എഴുതാനും വായിക്കാനും അറിയില്ല, ഡയലോഗ് ഇംഗ്ലീഷില്‍ എഴുതും; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ധ്യാന്‍

രേണുക വേണു

ബുധന്‍, 27 മാര്‍ച്ച് 2024 (15:47 IST)
Varshangalkku Shesham Movie

ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ മലയാളികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ ശേഷം'. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ചും 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമ സെറ്റിലെ രസകരമായ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ധ്യാന്‍. 
 
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് താന്‍ ഈ സിനിമയുടെ സെറ്റില്‍വെച്ച് മദ്യപിച്ചതെന്നും അത് പ്രണവിന്റെ ഒപ്പം ആയിരുന്നെന്നും ധ്യാന്‍ പറയുന്നു. വലിയൊരു താരത്തിന്റെ മകനാണ് എന്ന് തോന്നാത്ത രീതിയിലാണ് പ്രണവ് എല്ലാവരോടും പെരുമാറുന്നതെന്നും ധ്യാന്‍ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' അപ്പുവിനെ (പ്രണവ്) കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് ഓര്‍മകള്‍ ഉണ്ട്. പുള്ളിക്ക് മലയാളം എഴുതാനും വായിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ട്. സ്‌ക്രിപ്റ്റ് മൊത്തം ഇംഗ്ലീഷിലാക്കി, ഞാന്‍ അടക്കമുള്ള കോ ആര്‍ട്ടിസ്റ്റിന്റെ ഡയലോഗുകള്‍ അടക്കം ഇംഗ്ലീഷിലാക്കി പഠിച്ചിട്ടാണ് അപ്പു വന്നത്. ലാല്‍ സാറിന്റെ മകനാണെന്ന ഫീലിങ് അവന്‍ തരില്ല. എല്ലാവരോടും ഒരുപോലെയാണ് പെരുമാറ്റം. അയാളുടെ പേഴ്‌സണാലിറ്റിയോട് നമുക്കൊരു ഇഷ്ടം തോന്നുന്നത് അതുകൊണ്ടൊക്കെയാണ്. ഞാന്‍ കുറേ നാളായി മദ്യപാനം പരിപാടിയില്ല. കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ് അടിക്കണമെന്ന് ആഗ്രഹിച്ചത് അപ്പുവിന്റെ കൂടെയാണ്. ഒരു പെഗ് അടിക്കണമെന്ന് പറഞ്ഞ് അപ്പു നീട്ടിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമയുടെ സെറ്റില്‍ വെച്ച് ഞാന്‍ ഒരു പെഗ് അടിക്കുന്നത്.' വിനീത് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍