ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു 1996ല്‍ പുറത്തിറങ്ങിയ ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍. തമിഴ് നാടിന് പുറമെ ഇന്ത്യയാകെ വിജയമായ സിനിമയ്ക്ക് 28 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വലിയ പ്രേക്ഷകപ്രതീക്ഷയാണ് സിനിമയ്ക്കുണ്ടായിരുന്നത്. ജൂലൈ 12ന് സിനിമ റിലീസായിരിക്കുകയാണ്. സമ്മിശ്രമായ പ്രതികരണങ്ങളാണ് ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്നത്.
പ്രധാനമായും ഇന്ത്യന്‍ ആദ്യഭാഗം കണ്ടവരാണ് സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ആദ്യഭാഗത്തില്‍ വൈകാരികമായും കഥാപരമായും സിനിമയ്ക്ക് മികച്ച് നില്‍ക്കാനായപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സേനാപതി എന്ന കഥാപാത്രത്തെ കോമാളിയാക്കുകയാണ് രണ്ടാം ഭാഗത്തില്‍ ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ശങ്കറിന്റെ ഏറ്റവും മോശം സിനിമയാണ് ഇന്ത്യന്‍ 2 എന്ന് പറയുന്നവരും ചെറുതല്ല.
ദൃശ്യപരമായി മികവ് പുലര്‍ത്തുമ്പോഴും പഴകിയ കഥ മാത്രമാണ് സിനിമയ്ക്ക് പറയാനുള്ളതെന്നും സിനിമയ്ക്ക് പ്രേക്ഷകരോട് കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നവരുമാണ് അധികവും.മോശം തിരക്കഥയെ ശങ്കറിന്റെ ഡയറക്ഷന് രക്ഷിക്കാനാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു. കമല്‍ഹാസന് പുറമെ നടന്‍ സിദ്ധാര്‍ഥ്,എസ് ജെ സൂര്യ,സമുദ്രക്കനി,പ്രിയ ഭവാനി ശങ്കര്‍,രാകുല്‍ പ്രീത് സിംഗ് മുതലായവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ട്രെയ്ലറും സിനിമയ്‌ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്നുണ്ട്.