അവാർഡുകളെ വില കൽപ്പിക്കുന്നില്ല, ഒന്നെങ്കിൽ കുപ്പത്തൊട്ടിയിലിടും, സ്വർണമാണെങ്കിൽ വിറ്റ് കാശാക്കും: വിശാൽ

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (17:20 IST)
തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കും സുപരിചിതനായ നടനാണ് വിശാല്‍. പലപ്പോഴും നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ പല വിവാദങ്ങളിലും വിശാല്‍ ഇടം നേടാറുണ്ട്. കരിയറില്‍ അവന്‍ ഇവന്‍ അടക്കം ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ ചെയ്‌തെങ്കിലും കാര്യമായ പുരസ്‌കാരങ്ങള്‍ വിശാലിന് ലഭിച്ചിട്ടില്ല. ഇപ്പോഴിതാ അവന്‍ ഇവനിലെ പ്രകടനത്തില്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വിശാല്‍.
 
വിശാല്‍ ഫിലിം ഫാക്ടറി സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ പ്രകടനം. അവാര്‍ഡ് ലഭിക്കാതിരുന്നതില്‍ വിഷമമില്ലെന്നും 7 കോടി ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ, നടന്‍ എന്നൊക്കെ തീരുമാനിക്കാന്‍ ജൂറി ന്യായാധിപന്മാരല്ലെന്നും വിശാല്‍ പറഞ്ഞു. അവന്‍ ഇവന്‍ എന്ന സിനിമയിലുടനീളം കോങ്കണ്ണ് വെച്ച് കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. അതിന് സംവിധായകന്‍ ബാല സാര്‍ അഭിനന്ദിച്ചതാണ് വലിയ ബഹുമതി. അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. കാരണം ഞാനതില്‍ വിശ്വസിക്കുന്നില്ല.
 
ഈ വിയോജിപ്പ് ഒന്ന്  കാരണം അവാര്‍ഡ് നിശകളില്‍ ഞാന്‍ പങ്കെടുക്കാറില്ല. വീട്ടില്‍ ആകെയുള്ളത് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡുകളും എന്റെ സിനിമകള്‍ 100 ദിവസം ഓടുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ഷീല്‍ഡുകളും മാത്രമാണ്. എനിക്ക് അവാര്‍ഡ് തരാനായി സമീപിക്കുന്നവരോടെല്ലാം ഒരു കാര്യമാണ് ഞാന്‍ പറയാറുള്ളത്. അവാര്‍ഡ് ഞാന്‍ ഏതെങ്കിലും കുപ്പത്തൊട്ടിയിലിടും. ഗോള്‍ഡ് മെഡലാണെങ്കില്‍ വിറ്റ് കാശാക്കും. എന്നെക്കാള്‍ അര്‍ഹനായ മറ്റാര്‍ക്കെങ്കിലും കൊടുക്കു. ചിലപ്പോള്‍ അതില്‍ മൂല്യമുണ്ടാകും. വിശാല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍