രണ്ട് പേര്‍ തുണികൊണ്ട് മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട അവസ്ഥ, ആര്‍ത്തവ സമയത്തു പോലും ടോയ്‌ലറ്റില്‍ പോകാന്‍ അനുവാദമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണരൂപം
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്. സ്വകാര്യതയെ മാനിച്ചുകൊണ്ട് ചില ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള സോഫ്റ്റ് കോപ്പിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പേരുകേട്ട പല താരങ്ങള്‍ക്കെതിരെയും സിനിമയിലെ സ്ത്രീ ജീവനക്കാര്‍ ഹേമ കമ്മിറ്റിക്ക് മുന്‍പാകെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമയിലെ 30 മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും സിനിമ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പല നടന്‍മാരും അപ്രഖ്യാപിത വിലക്ക് നേരിട്ടിട്ടുണ്ട്. WCC പോലെയുള്ള സംഘടനകള്‍ സിനിമയിലെ അഭിനേതാക്കളുടെ പ്രശ്‌നങ്ങള്‍ പുറംലോകത്ത് ചര്‍ച്ചയാകാന്‍ കാരണമായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന നടന്‍മാരും പുരുഷ ജീവനക്കാരും സിനിമയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു.
നടി ആക്രമിക്കപ്പെട്ടതു പോലെയുള്ള നിരവധി സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതു മാത്രമാണ് പുറംലോകം അറിഞ്ഞത്. അത്തരത്തിലുള്ള പല സംഭവങ്ങളും വെളിച്ചത്ത് വന്നിട്ടില്ല. അവസരങ്ങള്‍ ലഭിക്കാന്‍ കിടപ്പറ പങ്കിടേണ്ട അവസ്ഥ പോലും നടിമാര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലി സ്ഥലത്തും താമസ സ്ഥലത്തും സ്ത്രീകള്‍ പലവിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്തും എന്ന് ഭയപ്പെടുത്തും. അതുകൊണ്ട് പലരും തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറഞ്ഞിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമ സെറ്റില്‍ അശ്ലീല സംസാരം നടത്തുന്നവര്‍ ഉണ്ട്. വസ്ത്രം മാറാന്‍ പോലും സുരക്ഷിതമായ സ്ഥലം ലഭിച്ചിരുന്നില്ല. രണ്ട് പേര്‍ തുണി വലിച്ചു പിടിച്ച് അതിന്റെ മറവില്‍ നിന്ന് വസ്ത്രം മാറേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് നടിമാര്‍ പറയുന്നു. ആര്‍ത്തവ സമയത്തു പോലും കൃത്യമായി ടോയ്‌ലറ്റില്‍ പോകാന്‍ അനുവാദം ലഭിക്കാറില്ല. സിനിമയില്‍ അടുത്ത് ഇടപഴകി അഭിനയിക്കുന്നതിനു അര്‍ത്ഥം സിനിമയ്ക്കു പുറത്തും നടിമാര്‍ അതിനു തയ്യാറാകുമെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ പലരും നടിമാരെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നടിമാര്‍ വീഡിയോ ക്ലിപ്പുകള്‍, ഓഡിയോ ക്ലിപ്പുകള്‍, വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ തെളിവു സഹിതം തങ്ങള്‍ക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.