നടനാവാന്‍ ആഗ്രഹിച്ചു, എന്നാല്‍ കാലൊടിഞ്ഞ് 3 വര്‍ഷം ആശുപത്രിയില്‍, 23 സര്‍ജറികള്‍ ചെയ്തു, ഒരിക്കലും നടക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍: നടന്‍ വിക്രമിന്റെ ജീവിതം

അഭിറാം മനോഹർ
ശനി, 10 ഓഗസ്റ്റ് 2024 (15:17 IST)
തമിഴ് സിനിമയില്‍ ഏറെക്കാലം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പിന്നീട് ചെറിയ വേഷങ്ങളിലും എത്തി കഴിവ് തെളിയിച്ച ശേഷം നായകനായി തിളങ്ങിയ താരമാണ് ചിയാന്‍ വിക്രം. തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റവും പോകാന്‍ തയ്യാറാവുന്ന വിക്രമിന് വലിയ ആരാധകപിന്തുണയാണുള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ തങ്കലാനിന്റെ തിരക്കുകളിലാണ് താരം. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രായാസമുള്ള കഥാപാത്രമാണ് തങ്കലാനിലേതെന്നാണ് വിക്രം പറയുന്നത്. ഇതിനിടയില്‍ തന്റെ ജീവിതത്തെ പറ്റിയും നടനാകാന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെ പറ്റിയും താരം മനസ്സ് തുറന്നു.
 
 സേതു,പിതാമഗന്‍,അന്യന്‍, ഐ, രാവണന്‍ എന്നീ സിനിമകള്‍ക്കെല്ലാം വേണ്ടി താന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ സത്യത്തില്‍ തങ്കലാന് വേണ്ടി ചെയ്തതില്‍ 10 ശതമാനം കഷ്ടപാട് മാത്രമെ അതിനെല്ലാം വേണ്ടിവന്നിട്ടുള്ളുവെന്നും വിക്രം പറയുന്നു. തങ്കലാനുമായി ആത്മീയമായ ഒരു കണക്ഷനാണ് എനിക്കുള്ളത്. അയാള്‍ നേതാവും പോരാളിയുമാണ്. അയാളെ നിര്‍വചിക്കുന്നത് തന്റെ ലക്ഷ്യത്തിലെത്താനുള്ള അയാളുടെ നിശ്ചയദാര്‍ഡ്യമാണ്. എല്ലാവരും അസാധ്യമെന്ന് പറയുമ്പോഴും നേടാന്‍ സാധിക്കുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ട്. ഞാനും അങ്ങനെയാണ്. വിക്രം പറയുന്നു.

വാർത്തകൾ എളുപ്പത്തിൽ സമഗ്രതയോടെ നിങ്ങളിലേക്ക് വെബ് ദുനിയ വാട്സാപ്പ് ചാനലിൽ അംഗമാകു. https://whatsapp.com/channel/0029VakLialEQIawlQ9iFh3l
 
 ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം അഭിനയിക്കാനായിരുന്നു. കോളേജ് നാടകത്തില്‍ മികച്ച നടനായതിന് പിന്നാലെ എന്റെ കാലൊടിഞ്ഞു. 3 വര്‍ഷക്കാലമാണ് ആശുപത്രിയില്‍ ചിലവഴിച്ചത്. 23 സര്‍ജറികള്‍ ചെയ്തു. ക്രച്ചസ് ഉപയോഗിച്ചാണ് നടന്നിരുന്നത്. ഒരിക്കലും ഈ കാലുകള്‍ ശരിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എനിക്ക് പ്രാന്തായിരുന്നു. നടക്കാന്‍ തുടങ്ങിയതോടെ എനിക്ക് അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടി തുടങ്ങി. എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും 10 വര്‍ഷത്തോളം നിരന്തരം പരാജയങ്ങള്‍ മാത്രമായിരുന്നു. എന്നെകൊണ്ട് സാധിക്കില്ലെന്ന് വീണ്ടൂം എല്ലാവരും പറഞ്ഞെങ്കിലും ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകുന്നത് തുടര്‍ന്നു. ഇന്നിപ്പോള്‍ ഈ വേദിയില്‍ നില്‍ക്കുകയാണ്. ഇതേ പാഷനാണ് തങ്കലാനെയും മുന്നോട്ട് നയിക്കുന്നത്. വിക്രം പറഞ്ഞു.
 
 പാര്‍വതി തിരുവോത്ത്,മാളവിക,പശുപതി തുടങ്ങി വലിയ താരനിരയില്‍ വരുന്ന തങ്കലാന്‍ ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്. പാ രഞ്ജിത്തിന്റെയും വിക്രമിന്റെയും കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് തങ്കലാന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article