വേണ്ടത് 40 കോടി മാത്രം, കൊവിഡിന് ശേഷം ബോക്സോഫീസിൽ 500 കോടി എന്ന മാർക്കിലേക്ക് മമ്മൂട്ടി

അഭിറാം മനോഹർ

ശനി, 10 ഓഗസ്റ്റ് 2024 (09:25 IST)
കൊവിഡ് മഹാമാരിക്ക് ശേഷം മലയാളം സിനിമയില്‍ എന്ന് വേണ്ട എല്ലാ ഭാഷയിലും സിനിമകള്‍ അമ്പാടെ മാറിയിരിക്കുകയാണ്. കൊവിഡ് കാലത്ത് അന്താരാഷ്ട്ര സിനിമകളും സീരീസുകളും പ്രേക്ഷകര്‍ കൂടുതലായി കണ്ടതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ആസ്വാദനത്തില്‍ വലിയ മാറ്റങ്ങളുണ്ടായത്. മലയാള സിനിമയില്‍ ഈ മാറ്റത്തിനൊപ്പം നിലയുറപ്പിച്ചത് മെഗാസ്റ്റാറായ മമ്മൂട്ടിയായിരുന്നു. എന്തെന്നാല്‍ കോവിഡ് കഴിഞ്ഞ് മമ്മൂട്ടി ചെയ്ത സിനിമകള്‍ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തവും അതേസമയം ബോക്‌സോഫീസിലും നേട്ടങ്ങള്‍ കൊയ്തവയും ആയിരുന്നു.
 
ദ പ്രീസ്റ്റില്‍ നിന്നായിരുന്നു മമ്മൂട്ടിയുടെ വിജയകുതിപ്പിന്റെ തുടക്കം. കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ മലയാള താരം മമ്മൂട്ടിയാണ്. 100 കോടി മാര്‍ക്ക് എന്ന നേട്ടം തൊടാനായില്ലെങ്കിലും മമ്മൂട്ടി സിനിമകള്‍ 460 കോടി രൂപയാണ് ഈ കാലയളവില്‍ ബോക്‌സോഫീസില്‍ നിന്നും നേടിയിട്ടുള്ളത്. 88.1 കോടി നേടിയ ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. 83.65 കോടി നേടിയ കണ്ണൂര്‍ സ്‌ക്വാഡും തിയേറ്ററുകളില്‍ വലിയ ലാഭമുണ്ടാക്കി.
 
പരീക്ഷണ സിനിമയായിരുന്നിട്ട് കൂടി റോഷാക് 39.5 കോടിയും ഭ്രമയുഗം 58.8 കോടിയും ബോക്‌സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തു. ആക്ഷന്‍ സിനിമായി വന്ന അവസാന സിനിമ ടര്‍ബോ 73 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഓഫ് ബീറ്റ് സിനിമകള്‍ ആയിരുന്നിട്ട് കൂടി കാതല്‍ ദ കോര്‍ 15 കോടിയും നന്‍പകല്‍ നേരത്ത് മയക്കം 10.2 കോടിയും ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍