കഴിഞ്ഞ ദിവസമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ പൊതുയിടങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്നും മാനസികമായി അത്ര മെച്ചപ്പെട്ട നിലയിലല്ല താനുള്ളതെന്നും നടി നസ്‌റിയ നസീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചത്. വൈകാരികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമായിട്ടും പോസ്റ്റിന് കീഴില്‍ പലരും അബോര്‍ഷന്‍ സാധ്യതയും ഫഹദ് ഫാസിലുമായുള്ള വിവാഹമോചനവും എല്ലാമായിരുന്നു ചര്‍ച്ചയാക്കി മാറ്റിയത്.
മികച്ച നടിക്കുള്ള കേരള ഫിലിം ക്രിടിക്‌സ് അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് പൊതുയിടങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സിനിമകളില്‍ നിന്നും എന്തുകൊണ്ട് മാറിനില്‍ക്കുന്നു എന്ന കാര്യം നസ്‌റിയ വ്യക്തമാക്കിയത്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി താരങ്ങളാണ് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നത്. നസ്‌റിയയുടെ പോസ്റ്റിന് കമന്റുകളുമായി ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഐശ്വര്യ ലക്ഷ്മി, പാര്‍വതി തിരുവോത്ത്, അന്ന ബെന്‍, നൈല ഉഷ, സാമന്ത, രജീഷ വിജയന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ജൂഡ് ആന്റണി ജോസഫ്, മേഘന രാജ് തുടങ്ങിയവരും കമന്റുകളില്‍ നസ്‌റിയയെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്.