Lokah Chapter one: എന്തിനാണ് തിടുക്കം? ലോക ഉടനെയൊന്നും ഒ.ടി.ടിയിലേക്കില്ല; വ്യക്തത വരുത്തി ദുൽഖർ സൽമാൻ

നിഹാരിക കെ.എസ്

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (10:15 IST)
ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇതിനോടകം എല്ലാ റെക്കോർഡുകളും തകർത്തിട്ടുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് സിനിമ നിർമിച്ചിരിക്കുന്നത്. 
 
കേരളത്തിന് പുറത്തും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടവും ലോക നേടിക്കഴിഞ്ഞു. ഇപ്പോഴും ഹൗസ് ഫുൾ ആയാണ് ലോക മിക്ക തിയറ്ററുകളിലും പ്രദർശിപ്പിക്കുന്നത്. ഇതിനിടെ ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുയാണ് ദുൽഖർ.
 
ലോക ഉടനെ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും' ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ദുൽഖർ പറഞ്ഞു. 
 
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍