Lokah: ലോകഃയ്ക്ക് തകർക്കാൻ കഴിയാത്ത ആ റെക്കോർഡ് മോഹൻലാലിന്റെ പേരിൽ!

നിഹാരിക കെ.എസ്

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (11:44 IST)
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ ലോകഃ മലയാളത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. സിനിമ ഇൻഡസ്ട്രി ഹിറ്റാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. രണ്ട് റെക്കോർഡുകളാണ് ലോകയ്ക്ക് മുന്നിൽ ഇനിയുള്ളത്.
 
ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമ, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മലയാള സിനിമ ഈ രണ്ട് റെക്കോർഡുകളാണ് ലോകയ്ക്ക് മുന്നിൽ ഇനിയുള്ളത്. ഇതിൽ ആദ്യത്തേത് മറികടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. റിലീസ് ചെയ്തു 21 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ വേൾഡ് വൈഡായി 258.05 കോടിയാണ് ലോകഃയുടെ കളക്ഷൻ. വേൾഡ് വൈഡായി ഏറ്റവും കൂടുതൽ പണം വാരിയ എമ്പുരാൻ ആണ് ഈ ലിസ്റ്റിൽ ഇപ്പോൾ ഒന്നാമതുള്ളത്. 266 കോടിയാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് വാരിയത്. ഈ റെക്കോർഡ് മറികടക്കാൻ ലോകയ്ക്ക് വേണ്ടത് വെറും 8 കോടിയാണ്. ഈ ഞായറാഴ്ചയോടെ എമ്പുരാന്റെ വേൾഡ് വൈഡ് കളക്ഷൻ മറികടക്കാൻ ലോകഃയ്ക്കു സാധിക്കും.
 
എന്നാൽ, കേരളത്തിൽ നിന്ന് മാത്രമായി ഏറ്റവും കൂടുതൽ പണം വാരിയ സിനിമയെന്ന റെക്കോർഡ് തകർക്കാൻ ലോകയ്ക്ക് കഴിഞ്ഞേക്കില്ല. മോഹൻലാൽ ചിത്രം തുടരും ആണ് 118 കോടിയുമായി കേരള ബോക്‌സ്ഓഫീസ് കളക്ഷനിൽ ഒന്നാമതുള്ളത്. കേരളം ബോക്സ് ഓഫീസിൽ ലോകഃ ഇതുവരെ നേടിയത് 95 കോടിയാണ്. ലോകയുടെ റണ്ണിങ് പൂർത്തിയാകുമ്പോൾ കേരളത്തിൽ നിന്ന് 100 കോടി നേടാൻ കഹ്‌സീഞ്ഞേക്കും. എന്നാൽ, തുടരും സിനിമയുടെ 118 കോടിയെന്ന മാജിക്കൽ നമ്പറിലേക്ക് എത്താൻ സാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 
 
അതേസമയം, ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. വേഫററിന്റെ ഏറ്റവും ലാഭകരമായ ചിത്രമാണ് ലോകഃ. കേരളത്തിൽ നിന്നുള്ള കളക്ഷൻ കൊണ്ട് തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ലോകഃയ്ക്കു സാധിച്ചെന്നാണ് റിപ്പോർട്ട്. 30 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍