Dulquer Salman: 'ലോകയുടെ വിജയം ഞങ്ങൾക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല, കുറച്ച് നഷ്ടം വരുമെന്നാണ് കരുതിയത്': ദുൽഖർ സൽമാൻ

നിഹാരിക കെ.എസ്

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (09:47 IST)
കല്യാണി പ്രിയദർശൻ നായികയായി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ വൺ: ചന്ദ്ര 20 ആം ദിവസവും മികച്ച പ്രദർശനമാണ് കാഴ്ച വെയ്ക്കുന്നത്. സിനിമ ഇതിനോടകം 250 കോടി നേടിക്കഴിഞ്ഞു.  ലോകയുടെ വൻ വിജയത്തിന്റെ സന്തോഷത്തിലാണിപ്പോൾ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നടൻ ദുൽഖർ സൽമാൻ. 
 
ഇപ്പോഴിതാ സിനിമയെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ അഭിനയിച്ച സിനിമകൾ പോലും ഇത്രയും വലിയ ഹിറ്റായിട്ടില്ലെന്നും സിനിമയുടെ ഇത്ര വലിയ വിജയത്തെ ആർക്കും ആദ്യം വിശ്വസിക്കാനായില്ലെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
 
“ഇത് ഞങ്ങളുടെ ഏഴാമത്തെ പ്രൊഡക്ഷൻ ആണ്. ഇതുവരെ വളരെ സെയ്ഫ് ആയി ലാൻഡ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ ലോകയെപ്പോലെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ പോലും എന്റെ ഒരു സിനിമയും ഇങ്ങനെ ഹിറ്റായിട്ടില്ല. ആദ്യ ഭാഗത്തിൽ കുറച്ച് നഷ്ടം വരുമെന്നാണ് ഞങ്ങൾ കരുതിയത്. നല്ല സിനിമയാകും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു പക്ഷേ സിനിമയുടെ ബജറ്റും വലുതായിരുന്നു.
 
മാത്രമല്ല ആരും ആദ്യം സിനിമയെ ഏറ്റെടുക്കാൻ വന്നില്ല. ഇനി വരുന്ന ഭാഗങ്ങൾ കൂടുതൽ പൈസയുണ്ടാക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള റിവ്യൂസും ആദ്യ ദിവസം മുതൽ ഞാൻ കണ്ടു തുടങ്ങി. അതുതന്നെ നല്ലൊരു സൂചനയായിരുന്നു. ഈ സിനിമയുടെ ഇത്ര വലിയ വിജയത്തെ ഞങ്ങൾക്ക് ആർക്കും ആദ്യം വിശ്വസിക്കാനായില്ല', ദുൽഖർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍