വരാപ്പുഴയില്‍ നാല് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ കുടുംബപ്രശ്‌നങ്ങളെന്ന് പൊലീസ്. യുട്യൂബറും അഡല്‍ട്ട് വെബ് സീരിസുകളിലെ അഭിനേത്രിയുമായ ദിയ ഗൗഡയുടെ (ഖദീജ) ഭര്‍ത്താവ് ഷെരീഫും നാല് വയസുള്ള മകന്‍ അല്‍ ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരോധിത അഡല്‍ട്ട് കണ്ടന്റ് വെബ് സൈറ്റായ യെസ്മയില്‍ അഭിനയിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിയ ഗൗഡ എന്ന പേരില്‍ അറിയപ്പെടുന്ന ഖദീജ. പാല്‍പായസം എന്ന അഡല്‍ട്ട് വെബ് സീരിസിലൂടെയാണ് ദിയ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ അഡല്‍ട്ട് സീരിസുകളില്‍ അഭിനയിച്ചു.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ഖദീജയുടെയും രണ്ടാം വിവാഹമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനേയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. ഖദീജ ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു താമസം.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനേയും മകനേയും വീടിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ ഖദീജയെ വിളിച്ച് മകനെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഖദീജ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. മണ്ണുംതുരുത്തിലുള്ള മറ്റൊരാളെ വിളിച്ച് ഖദീജയുടെ സുഹൃത്തും ഇതേ വിവരം കൈമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചു. ഇവരുടെ മൃതദേഹം കാണാന്‍ ഖദീജ എത്തിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വളാഞ്ചേരിയില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി.