ഒരു നാഷണൽ അവാർഡ് ജയറാം ആഗ്രഹിച്ചിരുന്നു, കിട്ടുമെന്ന് തന്നെ കരുതി, ഭാഗ്യമില്ലാതെ പോയി: കമൽ

അഭിറാം മനോഹർ
വ്യാഴം, 11 ജൂലൈ 2024 (20:51 IST)
മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. 90കളില്‍ ജയറാം- സത്യന്‍ അന്തിക്കാട്, ജയറാം-രാജസേനന്‍,ജയറാം- കമല്‍ കൂട്ടുക്കെട്ടുകളില്‍ വന്നിട്ടുള്ള സിനിമകളെല്ലാം തന്നെ മലയാളികളെ ഏറെ രസിപ്പിച്ചിട്ടുള്ളവയാണ്. എന്നാല്‍ 2000ത്തിന്റെ തുടക്കകാലത്തിന് ശേഷം മലയാള സിനിമയില്‍ ചുവട് പിഴച്ച ജയറാം നിലവില്‍ മറ്റ് തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി അഭിനയിക്കുന്നത്. എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും ജയറാമിന്റേതായി മറ്റ് മലയാള സിനിമകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല.
 
ഇപ്പോഴിതാ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ജയറാമിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സംവിധായകനായ കമല്‍. ജയറാം എന്ന നടനെ പലരും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കമല്‍ പറയുന്നു. ഒരുപാട് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. എവിടെയോ ഭാഗ്യമില്ലാതെ പോയി. ശേഷം എന്ന സിനിമയിലൂടെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് വരെ ഒരിക്കല്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അന്ന് അത് ജയറാമിന് കിട്ടിയില്ല. സിനിമയ്ക്ക് കിട്ടി. നടന്‍ എന്ന സിനിമയിലും അത് തന്നെയാണ് സംഭവിച്ചത്.
 
 മികച്ച നടനുള്ള അവര്‍ഡ് ജയറാമിന് കിട്ടുമെന്ന് ഞാനും പ്രതീക്ഷിച്ചു. ജയറാമും ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ എവിടെയോ ഭാഗ്യം തുണച്ചില്ല. ജയറാം കോമഡി ചെയ്താല്‍ മാത്രമെ നന്നാവു എന്ന തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിലുണ്ട്. നടന്‍ എന്ന സിനിമയിലെ അവസാന ഭാഗങ്ങള്‍ ജയറാം അത്ര നന്നായി ചെയ്തിട്ടും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ഞാനും ജയറാമും അതിപ്പോഴും ഒരു വേദനയായി കൊണ്ടുനടക്കുന്നു. കമല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article