40 തിലധികം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന് പതിനാലായിരം കോടി രൂപ പിഴ

നിഹാരിക കെ.എസ്

വെള്ളി, 11 ഏപ്രില്‍ 2025 (13:55 IST)
സിനിമാ മോഹവുമായി എത്തിയ  40 തിലധികം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംവിധായകന് പിഴ വിധിച്ച് കോടതി. ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിനാണ് കോടതി പിഴ വിധിച്ചത്. പതിനാലായിരം കോടിയാണ് പിഴ തുക. യു.എസ് കോടതിയുടേതാണ് വിധി. പരാതിക്കാരായ 40 സ്ത്രീകള്‍ക്ക് 1.68 ബില്യണ്‍ ഡോളര്‍ (പതിനാലായിരം കോടി) നഷ്ടപരിഹാരം നല്‍കാനാണ് ന്യൂയോര്‍ക്ക് ജൂറി ശിക്ഷ വിധിച്ചത്.
 
35 വര്‍ഷത്തിനിടെ 40 ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ജയിംസ് ടൊബാക്കിനെതിരായ കേസ്. ലൈംഗികാതിക്രമത്തിന് പുറമേ, അന്യായമായി തടവില്‍ വയ്ക്കല്‍, മാനസിക പീഡനം എന്നീ വകുപ്പുകളും ടൊബാക്കിനെതിരെ ചുമത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ഇയാൾ.
 
തന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാനും സ്വയംഭോഗം ചെയ്യാനും നിര്‍ബന്ധിക്കുന്ന ടൊബാക്, ഇത് ജോലിയുടെ ഭാഗമാണെന്ന് ഇരകളോട് പറയുമായിരുന്നു. ടൊബാകിന്റെ ആവശ്യം നിരസിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടഞ്ഞ് ലൈംഗികവൈകൃതം പ്രകടിപ്പിക്കും. എതിര്‍പ്പ് മറികടന്ന് യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യും. പരാതിപ്പെട്ടാല്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. 
 
1991ല്‍ ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് ടൊബാക്. എന്നാല്‍ ടൊബാക് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് സാധിക്കില്ല എന്നായിരുന്നു ടൊബാക്കിന്റെ വിശദീകരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍