'എല്ലാം പൃഥ്വിരാജിന്റെ തീരുമാനമായിരുന്നു, പൃഥ്വിയുടെ വിഷൻ': എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് അഭിമന്യു സിംഗ്

നിഹാരിക കെ.എസ്

വെള്ളി, 11 ഏപ്രില്‍ 2025 (11:49 IST)
റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ പടമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ 250 കോടിയാണ് ഇതുവരെ നേടിയത്. കളക്ഷൻ റെക്കോർഡുകൾ എന്ന പോലെ വിവാദങ്ങൾ കൊണ്ടും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 
 
ഗുജറാത്ത് കലാപം സംബന്ധിച്ച കാര്യങ്ങൾ കാണിക്കുന്നുണ്ടെന്ന് ആരോപിച്ച് സംഘപരിവാർ വിമർശനവുമായി രംഗത്ത് വന്നതിനെ തുടർന്ന് സിനിമയ്ക്ക് രണ്ടാമതും സെൻസർ ബോർഡിന്റെ വക കത്രിക വെക്കൽ ഉണ്ടായി. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് എമ്പുരാനിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിമന്യു സിംഗ്.
 
'സിനിമയെ സിനിമയായി കാണുക. ഒരു നടന്റെ കടമ സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ്. നമ്മൾ ആ നിമിഷത്തിൽ അഭിനയിക്കുന്നു, അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. എമ്പുരാൻ എന്ന ചിത്രത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം. അത് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,' എന്ന് അദ്ദേഹം പറഞ്ഞു. ഫിലിംഗ്യാനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിമന്യു സിംഗ്.
 
സിനിമയിലെ ക്ലൈമാക്സിനെക്കുറിച്ചക്കുള്ള വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അത് സംവിധായകന്റെ വിഷൻ ആണെന്ന് അദ്ദേഹം പറഞ്ഞു. 'അത് സംവിധായകന്റെ കാഴ്ചപ്പാടാണ്. എത്രത്തോളം വയലൻസ് കാണിക്കണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഒരു രംഗം എങ്ങനെ പുറത്തുവരണമെന്ന് സംവിധായകനും എഴുത്തുകാരനും തീരുമാനിക്കുന്നു. അഭിനേതാക്കളുടെ ജോലി അവർ പറയുന്നത് ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. അതാണ് ഞാൻ ചെയ്തത്,' അഭിമന്യു സിംഗ് കൂട്ടിച്ചേർത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍