പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ തമിഴിലും ഇടംപിടിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന മാമൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സൂരി നായകനാകുന്ന ചിത്രം മെയ് 16 ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും സൂരി തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് അണിയറ പ്രവർത്തകർ.
തമിഴ്നാട്ടിൽ നടന്ന ഒരു പ്രൊമോഷൻ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി സൂരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാമനിൽ അഭിനയിക്കാൻ കരാർ ഒപ്പിടുമ്പോൾ ഇൻഡസ്ട്രിയിലുള്ള നിരവധി പേർ സൂരിക്കൊപ്പം അഭിനയിക്കാൻ കുഴപ്പമൊന്നുമില്ലേ എന്ന് തന്നോട് ചോദിച്ചതായി ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി. അദ്ദേഹം ഇപ്പോഴും കോളിവുഡിലെ വളർന്നുവരുന്ന ഒരു നടനാണ് എന്നാണ് തന്നോട് പലരും പറഞ്ഞതെന്നും ഐശ്വര്യ പറഞ്ഞു.
അതേസമയം ആളുകൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ തന്നോട് ചോദിച്ചതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും സൂരിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു. ഏതൊരു സൂപ്പർ സ്റ്റാറിനേക്കാളും മികച്ച മൂല്യങ്ങളും ക്വാളിറ്റിയും സൂരിയ്ക്ക് ഉണ്ടെന്നും നടി വ്യക്തമാക്കി.
സൂരിയെ പിന്തുണച്ചു കൊണ്ടായിരുന്നു ഐശ്വര്യ സംസാരിച്ചത്. എന്നാൽ, ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'സൂരിയുടെ മുൻപിൽ വച്ച് ഇക്കാര്യം പറയണ്ടായിരുന്നുവെന്നും ഇത് അദ്ദേഹത്തെ അപമാനിച്ചത് പോലെയായെന്നുമാണ്' ഐശ്വര്യ ലക്ഷ്മിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. 'പൊതുവേദികളിൽ നടി കുറച്ച് പക്വത കാണിക്കണ'മെന്നും ചിലർ പറയുന്നുണ്ട്.