Dhyan Sreenivasan: യുകെയിലും ഓസ്‌ട്രേലിയയിലും ഇറങ്ങിയിരുന്നെങ്കില്‍ ആവേശത്തിനു മുകളില്‍ പോയേനെ വര്‍ഷങ്ങള്‍ക്കു ശേഷം; ധ്യാന്‍ ശ്രീനിവാസന്‍

രേണുക വേണു
ബുധന്‍, 24 ഏപ്രില്‍ 2024 (08:49 IST)
Dhyan Sreenivasan: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷവും ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശവും വന്‍ വിജയമായി മുന്നേറുകയാണ്. ബോക്‌സ്ഓഫീസില്‍ ആവേശമാണ് ഒന്നാമത്, തൊട്ടുപിന്നില്‍ വര്‍ഷങ്ങള്‍ക്കു ശേഷവും. അതേസമയം യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഇറങ്ങിയിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആവേശത്തിനും മുകളില്‍ പോയേനെ എന്നാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. ഓവര്‍സീസില്‍ വര്‍ഷങ്ങള്‍ക്കു ശേഷത്തിനാണ് ഫാമിലി ഓഡിയന്‍സ് പരിഗണന നല്‍കുന്നതെന്നും ധ്യാന്‍ പറഞ്ഞു. ദ ക്യൂ ചാനലില്‍ മനീഷ് നാരായണനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. 
 
' ആവേശം ഒരു ഫെസ്റ്റിവല്‍ പടമാണ്. ഫെസ്റ്റിവല്‍ മൂഡില്‍ വരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കലും ആവേശത്തിനു മുകളില്‍ നില്‍ക്കുന്ന പടമല്ല. കുറച്ചൂടെ ഇമോഷണല്‍ ആണ് ഡ്രാമയാണ്. പക്ഷേ കളക്ഷന്‍ നോക്കുകയാണെങ്കില്‍ യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ സ്ഥലങ്ങളില്‍ നമ്മള്‍ ഇതുവരെ ഇറക്കിയിട്ടില്ല. ഫസ്റ്റ് വീക്ക് അവിടെയൊക്കെ ആവേശം ആയിരുന്നു. ജിസിസിയില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടോപ്പില്‍. ഓള്‍ കേരള പക്ഷേ ആവേശമാണ്. യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇറങ്ങാത്തതുകൊണ്ട് ആവേശം ഒരുപടി മുകളിലാണ്. അല്ലെങ്കില്‍ ആവേശത്തിനേക്കാള്‍ ഒരുപടി മുകളില്‍ വരേണ്ടതാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ആവേശം സിംഗിള്‍ മാന്‍ ക്യാരി ചെയ്യുന്ന സിനിമയാണ്. ഓവര്‍സീസില്‍ പോകുന്ന സമയത്ത് വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ പ്രേക്ഷകര്‍ക്ക് പ്രണവിനെ കാണാം, നിവിനെ കാണാം, വിനീത് ശ്രീനിവാസന്‍ പടം...! ഇന്ത്യക്ക് പുറത്ത് ഇങ്ങനെയൊരു ഫാക്ടര്‍ ഉണ്ട്. ഓവര്‍സീസിലെ ഫാമിലി ഓഡിയന്‍സ് വിനീത് ശ്രീനിവാസന്‍ പടത്തിനാണ് ആദ്യ പരിഗണന കൊടുക്കുന്നത്. പക്ഷേ നാട്ടില്‍ വരുമ്പോള്‍ യുവ പ്രേക്ഷകര്‍ക്ക് ഇടയില്‍ ആവേശമാണ്,' ധ്യാന്‍ പറഞ്ഞു. 
 
അതേസമയം ആവേശത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ നൂറ് കോടിയിലേക്ക് എത്തിയിരിക്കുകയാണ്. റിലീസ് ചെയ്തു 13 ദിവസം കൊണ്ടാണ് ഫഹദ് ഫാസില്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ആഗോള കളക്ഷന്‍ 90 കോടിയിലേക്ക് അടുക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article