നടി നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ ഹാന്‍ഡിലുകളും സുരേഷ് ഗോപി ആരാധകരുമാണ് നിമിഷയ്‌ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ സൈബര്‍ ആക്രമണം നടത്തുന്നത്. നിമിഷയുടെ കുടുംബത്തിനെതിരെ വരെ മോശം വാക്കുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചില പോസ്റ്റുകളുടെ കമന്റ് ബോക്‌സ് നിമിഷ ഓഫ് ചെയ്തിരിക്കുകയാണ്.
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതിനു പിന്നാലെയാണ് നിമിഷയ്‌ക്കെതിരെ സംഘപരിവാറും സുരേഷ് ഗോപി ആരാധകരും രംഗത്തെത്തിയത്. സിഎഎ സമരക്കാലത്ത് ഒരു പൊതുവേദിയില്‍ നിമിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോഴത്തെ പ്രകോപനത്തിനു കാരണം. ' തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെ ഇന്ത്യ ചോദിച്ചാല്‍ നമ്മള്‍ കൊടുക്കുവോ..? കൊടുക്കൂല ' എന്നാണ് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പൊതുവേദിയില്‍ നിമിഷ പ്രസംഗിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സുരേഷ് ഗോപി നടത്തിയ 'തൃശൂര്‍ എനിക്ക് വേണം' എന്ന പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇതിനെ ട്രോളിയാണ് നിമിഷ സിഎഎയ്‌ക്കെതിരായ സമരത്തില്‍ പ്രസംഗിച്ചത്. ഇത്തവണ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചതോടെ നിമിഷയുടെ ആ വാക്കുകള്‍ കുത്തിപ്പൊക്കിയാണ് ബിജെപി അനുയായികളുടെ അസഭ്യവര്‍ഷം.
സുരേഷ് ഗോപിയെ പരിഹസിച്ച നിമിഷയ്ക്ക് ഇനി സിനിമകളൊന്നും കിട്ടില്ലെന്നും കരിയര്‍ അവസാനിപ്പിക്കുമെന്നും സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഭീഷണി മുഴക്കുന്നു. നിമിഷ സുരേഷ് ഗോപിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. അതേസമയം നിമിഷയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിക്കാനോ അതിനെതിരെ സംസാരിക്കാനോ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല.