തുടക്കത്തില്‍ അസം,നാഗാലന്‍ഡ്,ജമ്മു& കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഈ പദവി നല്‍കിയിരുന്നതെങ്കിലും 1974-79 മുതല്‍ ഹിമാചല്‍ പ്രദേശ്,മണിപ്പൂര്‍,മേഘാലയ,സിക്കിം,ത്രിപുര എന്നീ സംസ്ഥാനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തി. 1990ല്‍ അരുണാചല്‍ പ്രദേശും മിസോറാമും ഇതില്‍ ഉള്‍പ്പെട്ടൂ. 2001 ഉത്തരാഖണ്ഡിനും പ്രത്യേക പദവി ലഭിച്ചു. എന്നാല്‍ 2015ല്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചതിന് ശേഷം പ്രത്യേക പദവി എന്ന ആശയം നീക്കം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി,കേന്ദ്രമന്ത്രിമാര്‍,മുഖ്യമന്ത്രിമാര്‍,ആസൂത്രണ കമ്മീഷന്‍ എന്നിവരടങ്ങുന്ന ദേശീയ വികസന കൗണ്‍സിലാണ് പ്രത്യേക കാറ്റഗറി പദവി നല്‍കാനുള്ള തീരുമാനം എടുക്കുന്നത്.
2014ല്‍ ആന്ധ്രാപ്രദേശ്,തെലങ്കാന വിഭജനത്തിന് മുന്നോടിയായി ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക കാറ്റഗറി പദവി ഉറപ്പാക്കിയിരുന്നു. ഐക്യ ആന്ധ്രാപ്രദേശില്‍ നിന്നും വിഭജിക്കപ്പെട്ട തെലങ്കാനയ്ക്ക് പ്രത്യേക കാറ്റഗറി പദവി ലഭിച്ചെങ്കിലും ആന്ധ്രാപ്രദേശിന് കേന്ദ്രം അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു 2018ല്‍ ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോയത്.
പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും വിദേശസഹായത്തിനുമായി സംസ്ഥാനം വഹിക്കുന്ന ചിലവിന്റെ 90%വും വഹിക്കേണ്ടത് കേന്ദ്രമാണ്. പൂജ്യം ശതമാനം പലിശയില്‍ വായ്പ ലഭിക്കുന്നതിന് പുറമെ കേന്ദ്ര ഫണ്ടില്‍ മുന്‍ഗണനയും എക്‌സൈസ് തീരുവയില്‍ ഇളവും ലഭിക്കും. ഇത് കൂടാതെ കേന്ദ്രത്തിന്റെ മൊത്ത ബജറ്റിന്റെ 30% പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങള്‍ക്കായി മാറ്റിവെക്കും. ഇത് കൂടാതെ കസ്റ്റംസ് ഡ്യൂട്ടി,കോര്‍പ്പറേറ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ് എന്നിവയില്‍ നിന്നും ഈ സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്യും. അതിനാല്‍ തന്നെ സ്‌പെഷ്യല്‍ കാറ്റഗറില്‍ ലിസ്റ്റില്‍ വരുന്നതോടെ സംസ്ഥാനങ്ങളുടെ വികസനത്തിന് വേഗത കൈവരും. നിലവില്‍ ബിജെപിക്ക് മാത്രമായി കേന്ദ്രത്തില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദവി നല്‍കണമെന്നാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ബിജെപി നേതൃത്വത്തിനോട് ആവശ്യപ്പെടുന്നത്.