ബോളിവുഡിലെ മികച്ച നടൻമാരിലൊരാളാണ് ആയുഷ്മാൻ ഖുറാന. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയുഷ്മാൻ ഖുറാന നായകനായ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടൻ കൂടിയാണദ്ദേഹം. തമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
കാത്തിരിപ്പുകൾക്കൊടുവിൽ തമയുടെ ടീസർ ഇന്നലെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഒരു ഹൊറർ കോമഡി റൊമാന്റിക് ചിത്രമായിരിക്കും തമയെന്ന് ഉറപ്പാണ്. മഡോക് ഹൊറർ - കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഓരോ തവണയും വ്യത്യസ്തമായ കഥകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് മഡോക് ഹൊറർ - കോമഡി യൂണിവേഴ്സ്.
ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മഡോക് നൽകുക എന്നാണ് ടീസറിന് താഴെ നിറയുന്ന കമന്റുകൾ. മാത്രവുമല്ല ഈ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് മഡോക് ഫിലിംസ് അറിയിച്ചിരിക്കുന്നത്. സ്ത്രീ, മുഞ്ജ്യ, ഭേഡിയ, സ്ത്രീ 2 എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് തമ എത്തുന്നത്. ടീസർ തുടങ്ങുമ്പോഴുള്ള രശ്മികയുടെയും ആയുഷ്മാൻ ഖുറാനയുടെയും ഡയലോഗുകൾ തന്നെ ഒരു ആകാംക്ഷ ഉണർത്തുന്നുണ്ട്. ആരായിരിക്കും യഥാർഥ വാംപയർ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.
ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ, ഫൈസൽ മാലിക്, ഗീത അഗർവാൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലൈക അറോറയുടെ ഒരു ഐറ്റം ഡാൻസും ചിത്രത്തിലുണ്ട്.