ഈ ആഴ്ചയും നിരവധി ഒടിടി റിലീസുകളാണ് വിവിധ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരെ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച നരിവേട്ട, ഡിറ്റക്ടീവ് ഉജ്ജ്വലൻ, മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ, കുണ്ടന്നൂരിലെ കുത്സിത ലഹള എന്നീ നാല് മലയാള സിനിമകൾ ഒടിടിയിലെത്തിയിരുന്നു. ഈ ആഴ്ച ഒടിടിയിൽ നിങ്ങളിലേക്കെത്തുന്ന ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം.
ധനുഷ് ചിത്രം കുബേരയും ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ധനുഷിനൊപ്പം നാഗാർജുന, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തിയറ്ററിൽ 100 കോടിയിലധികം ചിത്രം കളക്ട് ചെയ്യുകയും ചെയ്തു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്.
ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മണ്ഡാല മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും. മിത്തോളജിക്കൽ ക്രൈം ത്രില്ലർ ആയാണ് സീരിസ് എത്തുക. ആറ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.
അമിത് ചക്കാലക്കൽ നായകനായെത്തിയ ചിത്രമാണ് അസ്ത്ര. ആസാദ് അലവിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെന്തിൽ കൃഷ്ണ, സുധീർ കരമന, കലാഭവൻ ഷാജോൺ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം മനോരമ മാക്സിലൂടെ ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 18 ന് സ്ട്രീമിങ് തുടങ്ങും.