നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. ഫെബ്രുവരി 13 നു ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് ചര്‍ച്ച നടത്തി. എമ്പുരാന്‍ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശമാണ് തനിക്ക് വിഷമമുണ്ടാക്കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ബി.ആര്‍.ജേക്കബിനെ അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്നും ബി.ആര്‍.ജേക്കബ് അറിയിച്ചു.
നിര്‍മാതാക്കളുടെ സംഘടന തീരമാനിച്ച സമരം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജി.സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ പ്രകോപിപ്പിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ സുരേഷ് കുമാര്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തു. താന്‍ നിര്‍മിക്കുന്ന സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയത് എന്നു ചോദിച്ചു കൊണ്ടാണ് ആന്റണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സിനിമാ സമരത്തിനും എതിരായിരുന്നു ആന്റണി. മോഹന്‍ലാല്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.