രാജിവെച്ച എന്നെ എങ്ങനെ പുറത്താക്കാനാണ്, ദുൽഖറിനെയും നിരോധിച്ചതായി പറയുന്നു: ആ കാലമൊക്കെ കഴിഞ്ഞു

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (13:07 IST)
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും പുറത്താക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. താൻ രാജിവെച്ച സംഘടനയിൽ നിന്ന് എങ്ങനെയാണ് തന്നെ പുറത്താക്കുന്നതെന്ന് ആന്റണി ചോദിച്ചു.
 
ഫിയോക്കില്‍നിന്നു ഞാന്‍ രാജിവച്ചിട്ടുണ്ട്. അതിന്റെ കാരണവും അവരെ അറിയിച്ചിട്ടുണ്ട്. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും ഇല്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല. പുറത്താക്കലിന്റെയും നിരോധനത്തിന്റെയും കാലം കഴിഞ്ഞു. ദുൽഖർ സൽമാനെ‌യും നിരോധിച്ചതായി പറയുന്നു.ഇനിയും നിരോധനം വന്നേക്കാം. സിനിമയില്‍ എല്ലാവരും ഒരുമിച്ചു നിന്നാലെ രക്ഷപ്പെടൂ. ആന്റണി പറഞ്ഞു.
 
കലക്ഷന്‍ കിട്ടുമെന്നു തോന്നിയാല്‍ തിയറ്ററുകള്‍ കളിക്കും. വിതരണക്കാര്‍ നല്‍കുകയും ചെയ്യും. സിനിമയ്ക്കു വേറേയും ധാരാളം വിപണന സാധ്യതകൾ വന്ന കാലമാണിത്. ചെറിയ കേരളത്തില്‍നിന്നു ലോക മാര്‍ക്കറ്റിലേക്ക് ഏതു ചെറിയ സിനിമയ്ക്കും എത്താം എന്നായിരിക്കുന്നു. ഈ ചെറിയ മാർക്കറ്റിൽ കിടന്ന് അടിപിടി കൂടി യാതൊരു കാര്യവുമില്ല.
 
ആരു പുറത്താക്കിയാലും അകത്തിരുത്തിയാലും ഞാന്‍ സൗഹൃദത്തോടെ നില്‍ക്കും. സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യുകയും എന്റെ കമ്പനിയുടെ തിയറ്ററുകളില്‍ എല്ലാവരുടേയും സിനിമകള്‍ കളിക്കുകയും ചെയ്യും. നിരോധനവുമായി ആർക്കും മുന്നോട്ട് പോകാനാവില്ല-ആന്റണി പെരുമ്പാവൂർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article