Urvashi: പൃഥ്വിരാജിന് ദേശീയ അവാർഡ് നിഷേധിക്കപ്പെട്ടത് എമ്പുരാൻ കാരണം; ഇനിയും മിണ്ടാതിരിക്കാനാകില്ലെന്ന് ഉർവ്വശി

നിഹാരിക കെ.എസ്

ചൊവ്വ, 5 ഓഗസ്റ്റ് 2025 (15:51 IST)
71 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വിമർശനം കടുപ്പിച്ച് നടി ഉർവ്വശി. മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത് ഉർവ്വശിയ്ക്കായിരുന്നു. എന്നാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളെ സഹനടിയാക്കുന്നതിന് പിന്നിലെ മാനദണ്ഡം എന്തെന്നായിരുന്നു ഉർവ്വശിയുടെ വിമർശനം. ഒപ്പം ആടുജീവിതത്തെ പരിഗണിക്കാതിരുന്നതിനെ കുറിച്ചും ഉർവശി ചൂണ്ടിക്കാട്ടുന്നുണ്ട്. 
 
പൃഥ്വിരാജിനെ പരിഗണിക്കാതിരുന്നതിനേയും ഉർവ്വശി ചോദ്യം ചെയ്തിരുന്നു. ആടുജീവിതത്തിൽ പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നത് എമ്പുരാൻ കാരണമാണെന്നാണ് ഉർവ്വശി ഇപ്പോൾ പറയുന്നത്. ദ ന്യൂസ് മിനുറ്റിനോടായിരുന്നു ഉർവ്വശിയുടെ പ്രതികരണം. എങ്ങനെയാണ് അവർക്ക് ആടുജീവിതത്തെ അവഗണിക്കാൻ സാധിക്കുന്നതെന്നാണ് ഉർവ്വശി ചോദിക്കുന്നത്.
 
'നജീബിന്റെ ജീവിതവും ഹൃദയഭേദകമായ സഹനവും അവതരിപ്പിക്കാൻ തന്റെ സമയവും കഠിനാധ്വനവും നൽകി കഠിനമായ ശാരീരിക മാറ്റത്തിന് തയ്യാറായൊരു നടനാണ്. നമുക്കെല്ലാം അറിയാം, ഇതിന് കാരണം എമ്പുരാൻ ആണെന്ന്. അവാർഡുകളിൽ രാഷ്ട്രീയം പാടില്ല'' എന്നാണ് ഉർവ്വശി പറഞ്ഞത്. 
 
ഈ വർഷം തിയേറ്ററിലെത്തിയ മോഹൻലാൽ നായകനായ എമ്പുരാന്റെ സംവിധാനം പൃഥ്വിരാജ് ആണ്. ചിത്രത്തിലെ കലാപ രംഗങ്ങളുടെ പേരിൽ വലിയ വിവാദമുണ്ടാവുകയും തുടർന്ന് സെൻസർ ബോർഡ് ആ രംഗങ്ങൾ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വില്ലന്റെ പേരടക്കം സെൻസർ ബോർഡ് നിർദ്ദേശ പ്രകാരം 17 മാറ്റങ്ങളാണ് വരുത്തിയത്. ഇതാണ് ഇപ്പോൾ ഉർവശി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍