Sobhana: എന്‍റെ സിനിമകള്‍ കാണാത്തവരോട് ഈ മൂന്ന് ചിത്രങ്ങള്‍ ആദ്യം കാണാന്‍ പറയും : ശോഭന

നിഹാരിക കെ.എസ്

ശനി, 7 ജൂണ്‍ 2025 (08:12 IST)
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ശോഭന അഭിനയിച്ച സിനിമയാണ് തുടരും. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ശോഭനയ്ക്ക് മികച്ച ഒരു കഥാപാത്രത്തെയാണ് ലഭിച്ചത്. ലളിത എന്ന തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമായി ശോഭന എത്തിയപ്പോള്‍ മലയാളികള്‍ ഏറെ ഇഷ്ടത്തോടെയായിരുന്നു സ്വീകരിച്ചത്. മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷമാണ് ശോഭന അഭിനയിക്കുന്നത്. സിനിമ തിയേറ്ററിൽ ഹിറ്റായി. 
 
മലയാളത്തില്‍ മാത്രമല്ല, കരിയറിന്റെ ആദ്യ നാളുകള്‍ മുതലേ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങള്‍ ശോഭന ചെയ്തിട്ടുണ്ട്. മലയാളത്തിൽ ശോഭന ചെയ്തുവെച്ച മണിച്ചിത്രത്താഴിലെ ഗംഗ കൾട്ട് കഥാപാത്രമാണ്. മറ്റൊരു നടിക്കും അനുകരിക്കാൻ കഴിയാത്തവിധം ശോഭന അത് മനോഹരമാക്കി. ഇപ്പോള്‍ ഇതുവരെ തന്റെ സിനിമകളൊന്നും കാണാത്തവര്‍ക്കായി മൂന്ന് സിനിമകള്‍ നടി സജസ്റ്റ് ചെയ്തിരിക്കുകയാണ്. എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന അഭിമുഖത്തിലാണ് ശോഭന മൂന്ന് സിനിമകളെ കുറിച്ച് സംസാരിച്ചത്.
 
'ഞാന്‍ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. എനിക്ക് ഒരുപാട് മികച്ച തെലുങ്ക് സിനിമകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് എന്ന സിനിമയും ഞാന്‍ റെക്കമെന്റ് ചെയ്യും,' ശോഭന പറയുന്നു.
 
അഭിമുഖത്തില്‍ സിനിമയിലെ മുന്‍ നാളുകളെ കുറിച്ചും അക്കാലത്തെ ചിത്രീകരണരീതികളെ കുറിച്ചും ശോഭന സംസാരിക്കുന്നുണ്ട്. ഒരു വര്‍ഷം 22 സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു. അന്ന് പ്രധാനമായും നോക്കിയിരുന്നത് ഇമോഷന്‍സും സ്‌ക്രിപ്റ്റും ആയിരുന്നുവെന്നും നടി പറഞ്ഞു. ആ കാലഘട്ടമായിരുന്നു സത്യത്തില്‍ മലയാളം സിനിമയുടെ ഗോള്‍ഡന്‍ പീരിയഡ് എന്നും അന്ന് ആ പിരീഡില്‍ നില്‍ക്കാന്‍ പറ്റിയത് തന്റെ ഭാഗ്യമാണ് എന്നുമാണ് ശോഭന പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍