'ഇവർ മാറിയിരുന്ന് പിച്ചക്കാർ കഴിക്കുന്നത് പോലെ കഴിക്കുന്നത് കാണുമ്പോൾ സങ്കടം വരും': മണിയൻപിള്ള രാജു പറയുന്നു

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (10:03 IST)
ഒരിടവേളയ്ക്ക് ശേഷം മണിയൻപിള്ള രാജു അഭിനയിച്ച സിനിമയാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒന്നിച്ച തുടരും. ക്യാന്‍സർ രോഗബാധയിൽ നിന്നും കരകയറിയ നടൻ തുടരും ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും ഒരു നിർമാതാവ് എന്ന നിലയിൽ സെറ്റിൽ താൻ പുലർത്തി വരുന്ന നീതിയെ കുറിച്ചും പുതിയ അഭിമുഖത്തിൽ തുറന്നു പറയുന്നു. 
 
'തൊണ്ടയില്‍ ക്യാന്‍സർ ആയിരുന്നു. ക്യാൻസർ സർവൈവർ എന്ന് പറയാം. 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്. ചികിത്സയുടെ സമയത്ത് ചില പടങ്ങളൊക്കെ വന്നെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. ഈ മാസം മുതല്‍ എന്തായാലും പുതിയ പടങ്ങള്‍ ചെയ്തു തുടങ്ങും. 
 
ചിലര് പറയും അസുഖ കാര്യം ഒന്നും വെളിയിൽ പറയരുതെന്ന്. അതുകൊണ്ട് എന്ത് കാര്യമാണുള്ളത്. നമുക്ക് ഒരു അസുഖം വന്നാൽ പറയണം. അതായത് എന്തുകൊണ്ട് ക്ഷീണിച്ചു എന്നൊക്കെയുള്ള കാര്യം പറയണം. ഇടയ്ക്ക് നന്നായി ക്ഷീണിച്ചു. എനിക്ക് 82 കിലോ ഉണ്ടായിരുന്നു. അസുഖം കഴിഞ്ഞപ്പോഴത്തേക്കും 16 കിലോ കുറഞ്ഞു. അപ്പോള്‍ 66 ആയി. ഇപ്പം ഏതാണ്ട് 69 അടുത്തത് എത്തി. ഇനി ഒരു 72 ആക്കണം. അതാണ് എന്റെ ഉയരത്തിന് ആവശ്യമായ ഭാരം.
    
50 വർഷമായി ഞാൻ മലയാള സിനിമയിൽ വന്നിട്ട്. മലയാളത്തിൽ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് ഞാനാണ്. യൂണിറ്റിൽ ഒരു നായകൻ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കിൽ എന്റെ സെറ്റിലെ എല്ലാവർക്കും ഓറഞ്ച് ജ്യൂസ് കഴിക്കാന്‍ ലഭിച്ചിരിക്കണം. അത് നിർബന്ധമാണ്. അല്ലാതെ ഇവരുടെയൊക്കെ മുമ്പിലൂടെ നായികനും നായികയ്ക്കും മാത്രം ജ്യൂസ് കൊടുക്കുന്ന പരിപാടിയില്ല. കാരണം ഞാനൊക്കെ അത് കണ്ട് ഒരുപാട് വിഷമിച്ച് ഇരുന്നിട്ടുണ്ട്. 
 
ലൈറ്റ് ബോയ്സിനൊക്കെ രണ്ട് പൊതിയാണ് നല്‍കുക. ഒന്നില്‍സാമ്പാർ സാധം ഒന്നിൽ തൈര് സാധം .അല്ലെങ്കിൽ പുളിയോതരയോ ടൊമാറ്റോ റൈസോ ആയിരിക്കും. ഇവർ മാറിയിരുന്ന് പിച്ചക്കാർ കഴിക്കുന്നത് പോലെ കഴിക്കുമ്പോൾ എനിക്ക് സങ്കടം വരും. അന്ന് ഞാൻ വിചാരിച്ചതാണ് എന്നെങ്കിലും സിനിമ എടുക്കുകയാണെങ്കില്‍ എല്ലാവർക്കും ഒരു പോലെ ഭക്ഷണം കൊടുക്കണമെന്ന്. ഒരു 10 ലക്ഷം രൂപയുടെ ഡിഫറൻസ് വരുമായിരിക്കും. പക്ഷെ എന്ത് സന്തോഷമായിട്ടായിരിക്കും അർ വീട്ടിൽ പോകുന്നത്', അദ്ദേഹം പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍