കെവിൻ-നീനു ദുരഭിമാനക്കൊലയാണ് തുടരുമിന്റെ റഫറൻസ്: ആർഷ ചാന്ദ്‌നി പറയുന്നു

നിഹാരിക കെ.എസ്

ഞായര്‍, 11 മെയ് 2025 (09:48 IST)
മോഹൻലാൽ-തരുൺ മൂർത്തി സിനിമ തുടരും 200 കോടിയിലേക്ക് കുതിക്കുകയാണ്. മൂന്നാം ആഴ്ചയും 35 ശതമാനമാണ് കാഴ്ചക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവ്. സിനിമ കണ്ടവരാരും അതിലെ ആർഷ ചാന്ദ്‌നി അവതരിപ്പിച്ച കഥാപാത്രം മറക്കാനിടയില്ല. വളരെ കുറച്ച് സ്‌ക്രീൻ പ്രെസൻസ് മാത്രമേ ആർഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ആർഷ ചാന്ദ്‌നി അവതരിപ്പിച്ച മേരി എന്ന കഥാപാത്രമാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. വളരെ കുറഞ്ഞ സീനുകളിൽ മാത്രം വരുന്ന ഈ കഥാപാത്രം പക്ഷെ സിനിമയിൽ സുപ്രധാന ഭാഗത്താണ് കടന്നുവരുന്നത്.
 
കേരളത്തെ ഞെട്ടിച്ച കെവിൻ ദുരഭിമാനക്കൊലയാണ് സിനിമയുടെ റഫറൻസ് എന്ന് പറയുകയാണ് ആർഷ ബൈജു. സംവിധായകൻ തരുൺ മൂർത്തി മികച്ച രീതിയിൽ കഥ നരേറ്റ് ചെയ്തുതരുന്ന ആളാണെന്നും കഥാപാത്രത്തെ കുറിച്ച് വളരെ ആഴത്തിൽ തന്നെ പറഞ്ഞുതന്നിരുന്നെന്നും ആർഷ പറഞ്ഞു. സിനിമയിൽ കാണിക്കാത്ത മേരിയുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണ നൽകിയിരുന്നെന്നും ആർഷ കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 
 
'ആദ്യ നരേഷനിൽ തന്നെ കെവിൻ-നീനു സംഭവമാണ് റഫറൻസ് എന്ന് പറഞ്ഞിരുന്നു. കോട്ടയത്തെ ഈ ദുരഭിമാനക്കൊലയാണ് സിനിമയിലെ പവി-മേരി സീനിൽ വരുന്നത്. സുനിലേട്ടനും തരുൺചേട്ടനും കഥ എഴുതിയപ്പോൾ തന്നെ അതായിരുന്നു മനസിലെന്നാണ് ഞാൻ കരുതുന്നത്. കെവിൻ-നീനു സംഭവം നമുക്കെല്ലാവർക്കും അറിയുന്നതാണല്ലോ. എന്നാലും ഷൂട്ടിന് മുന്നോടിയായി ഈ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകളും വീഡിയോസും ഡോക്യുമെന്ററികളുമെല്ലാം കണ്ടിരുന്നു.
 
എനിക്ക് വളരെ കൃത്യമായി മേരി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞുതന്നിരുന്നു. ഓരോ സീനും എടുക്കുന്നതിന് മുൻപും ആ കഥാപാത്രത്തിന്റെ ഉള്ളിലൂടെ എന്താണ് കടന്നുപോകുന്നത് എന്നും വ്യക്തമാക്കിയിരുന്നു. തരുൺ ചേട്ടന് അഭിനേതാക്കളെ നന്നായി ഡീൽ ചെയ്യാൻ അറിയാം. ഓരോരുത്തരിൽ നിന്നും ഏറ്റവും മികച്ചത് അദ്ദേഹം പുറത്തെടുക്കും. എനിക്ക് തുടരുമിൽ വളരെ കുറച്ച് സീനുകളേ ഉള്ളു. പക്ഷെ അവ സിനിമയിൽ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് കടന്നുവരുന്നത്.
 
സിനിമയിൽ കാണിക്കാത്ത മേരിയുടെ ജീവിതത്തെ കുറിച്ച് തരുൺ ചേട്ടൻ പറഞ്ഞുതന്നിരുന്നു. അച്ഛനായുമായുള്ള ബന്ധം, പവിയുമായുള്ള റിലേഷൻഷിപ്പ്, വീട്ടിൽ നിന്നും അനുഭവിച്ച കാര്യങ്ങൾ, അമ്മയുടെ മരണം തുടങ്ങി മേരിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെ കുറിച്ച് തരുൺ ചേട്ടൻ സംസാരിച്ചിരുന്നു,' ആർഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍