വഴി വെട്ടിയത് മമ്മൂട്ടി, ഇപ്പോൾ മോഹൻലാലും; ഇതാണ് ഞങ്ങൾ കാത്തിരുന്നതെന്ന് ആരാധകർ

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (09:45 IST)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാലിന് പറയത്തക്ക വിജയങ്ങളോ പെർഫോമൻസ് സാധ്യതയുള്ള സിനിമകളോ ഉണ്ടായിരുന്നില്ല. ദൃശ്യം 2 മികച്ച സിനിമ ആയിരുന്നുവെങ്കിലും സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്തതിനാൽ മികച്ച ഒരു തിയേറ്റർ വിജയം സിനിമയ്ക്ക് നഷ്ടമായി. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഒരു ഫെസ്റ്റിവ് സിനിമ ആയിരുന്നു. എന്നാൽ, ഇതും ഒ.ടി.ടി റിലീസ് ആയത് ആരാധകരെ നിരാശപ്പെടുത്തി. 
 
ഒടുവിൽ ആരാധകരുടെ കാത്തിരിപ്പ് 2025 വരെ നീണ്ടു. മോഹൻലാൽ തന്റെ തിരിച്ചുവരവിൽ വമ്പന്‍ ബോക്‌സ് ഓഫീസ് വിജയങ്ങൾ സമ്മാനിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനും തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരുവും മോഹൻലാലിലെ താരത്തെയും നടനെയും മലയാളികൾക്ക് വീണ്ടും കാട്ടിത്തന്നു. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
 
കഴിഞ്ഞ വർഷം വരെ ആരാധകർ മോഹൻലാലിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കൂ എന്നത്. നിരവധി പുതിയ സംവിധായകർ തന്റെ അടുത്ത് കഥ പറയാൻ വരാറുണ്ടെന്ന് മോഹൻലാൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

മോഹൻലാൽ തന്റെ സൗഹൃദ വലയത്തിൽ നിന്നുകൊണ്ടാണ് ഇപ്പോഴും സിനിമ ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ മോഹൻലാൽ മമ്മൂട്ടിയെ കണ്ട് പഠിക്കാൻ വരെ ആരാധകർ ഉപദേശിച്ചിട്ടുണ്ട്. മമ്മൂട്ടി എപ്പോഴും പുതിയ സംവിധായകരെ ചൂസ് ചെയ്യുന്ന ആളാണ്. കഥ പറയാൻ വരുന്നവരെ സംവിധാന പരിചയമില്ലെങ്കിൽ പോലും മമ്മൂട്ടി പിടിച്ച് സംവിധായകർ ആക്കിയ കഥ നിരവധി. 
 
എന്നിരുന്നാലും, മോഹൻലാലും ഇപ്പോൾ മമ്മൂട്ടിയുടെ പാതയിൽ ആണെന്ന് വ്യക്തം. തുടരും ഒരു തുടക്കം മാത്രം. ഹൃദയപൂർവ്വത്തിന് ശേഷം മോഹൻലാൽ പുതിയ സംവിധായകർക്കൊപ്പം കൈ കോർക്കാനുള്ള തയ്യാറെടുപ്പിലാണ്. സംവിധായകന്‍ കൃഷാന്ദ് ആണ് ഈ ലിസ്റ്റിലെ അടുത്തയാൾ. മോഹന്‍ലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ പണിപ്പുരയിലാണ് കൃഷാദ് ഇപ്പോൾ.
 
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ കൃഷാന്ദ് വൃത്താകൃതിയുള്ള ചതുരം എന്ന ചിത്രത്തിലൂടെയാണ് ഫീച്ചര്‍ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും അദ്ദേഹം ഒരുപോലെ നേടി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ഗഗനചാരിയിലൂടെ നിര്‍മാണത്തിലേക്കും കൃഷാന്ദ് ചുവടുവെച്ചിരുന്നു. സുങ്ത്സുവിന്റെ സംഘര്‍ഷ ഘടന, മസ്തിഷ്‌കമരണം എന്നിവയാണ് കൃഷാന്ദിന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍