ജയസൂര്യയ്‌ക്കെതിരെ ഉണ്ടായ പീഡന ആരോപണം ഞെട്ടിച്ചതായി നടി നൈല ഉഷ. അദ്ദേഹം അടുത്ത സുഹൃത്താണെന്നും എന്നാല്‍ പരാതി ഉയര്‍ന്നതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും നൈല ഉഷ പറഞ്ഞു. പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടണമെന്നും മാറ്റങ്ങള്‍ ഇവിടെ നിന്നും തുടങ്ങട്ടെ എന്നും ഒരു വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നൈല പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേള്‍ക്കുന്നതിലാണ് എന്റെ ഞെട്ടല്‍. സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിട്ടവരുടെ ഒപ്പം നിന്ന് കൊണ്ട് തന്നെ പറയട്ടെ. എനിക്ക് സിനിമയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ക്ഷണിക്കപ്പെട്ടതാണ്. അതിനാല്‍ എനിക്ക് വേണ്ട സൗകര്യങ്ങള്‍ അവര്‍ ചെയ്തു തന്നിട്ടുണ്ട്. അങ്ങനൊരു പ്രിവില്ലേജ് എനിക്കുണ്ടായിരുന്നു എന്നത് സമ്മതിക്കുന്നു. എന്നാല്‍ ആ പ്രിവില്ലേജ് ഇല്ലാത്തവര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക.
സിനിമയില്‍ ക്ഷണിക്കപ്പെട്ട് വരുന്നതും ഓഡിഷന്‍ വഴി വരുന്നതും വ്യത്യസ്തമാണ്. ഇങ്ങനെ വരുന്നവര്‍ക്കാണ് അഡ്ജസ്റ്റ്‌മെന്റ് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്ത ആരും ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പ്രതിഫലം ലഭിക്കാത്തതും അധികനേരം ജോലി ചെയ്യേണ്ടുവരുന്നതും ചര്‍ച്ചയാകാറുണ്ട്. അവസരത്തിനായി ആരെയെങ്കിലും ലൈംഗികമായി സമീപിച്ചതായി എന്നോട് നേരില്‍ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ അങ്ങനെ സംഭവിക്കുന്നതായി എനിക്കറിയാം.
പുണ്യാളന്‍ അഗര്‍ബത്തീസ് മുതല്‍ ജയസൂര്യ നല്ല സുഹൃത്താണ്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. അദ്ദേഹത്തിനെതിരെ ആരോപണം വന്നപ്പോള്‍ ശരിക്കും ഞെട്ടി. അതിന് ശേഷം ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആരോപണം സര്‍പ്രൈസാണെന്ന് പറയുമ്പോള്‍ ഞാന്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്നോ അര്‍ഥമില്ല. ഇത്തരം പരാതികള്‍ ഗൗരവത്തോടെ സ്വീകരിക്കപ്പെടട്ടെ മാറ്റം അവിടെ നിന്ന് തുടങ്ങട്ടെ.
ജോമോള്‍ പറഞ്ഞത് അവരുടെ അനുഭവമാണ്. എന്നോട് ചോദിച്ചാല്‍ എനിക്ക് ദുരനുഭവങ്ങള്‍ ഇല്ല. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക. സിനിമ മോശമാണെന്ന് പറഞ്ഞ് ആരുടെയും സിനിമാസ്വപ്നങ്ങളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. ചില ആളുകള്‍ നിങ്ങളുടെ കതകില്‍ തട്ടുകയോ എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്‌തേക്കാം. പക്ഷേ ധൈര്യത്തോടെ നോ പറയാനാകണം, നൈല ഉഷ പറഞ്ഞു.