നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. പത്ര സമ്മേളനത്തിൽ നടൻ സിദ്ദിഖിനെയും ദിലീപിനെയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെയും ട്രോളുന്ന ധ്യാൻ ശ്രീനിവാസന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
ധ്യാനിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സിദ്ദിഖും രംഗത്തെത്തി. ഓരോ സീനും എടുക്കുന്നതിന് മുൻപ് സിദ്ദിഖും ദിലീപും സിനിമയിൽ ചേർക്കേണ്ട തമാശകളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും ആക്ഷൻ പറയുന്നതിന് മുൻപ് സംവിധായകൻ ബിൻറോ സ്റ്റീഫൻ ആ നിർദ്ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നുവെന്നുമാണ് ധ്യാൻ പറഞ്ഞത്. ധ്യാൻ പൊട്ടിച്ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും സിദ്ദിഖിന്റെ ഉത്തരം ഗൗരവത്തിലുള്ളതായിരുന്നു.
ഒരു കഥാപാത്രം കിട്ടിക്കഴിഞ്ഞാൽ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് കൂടുതൽ നന്നാവാനായി സഹ താരങ്ങളോടൊപ്പം ചർച്ച ചെയ്യാറുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. കിട്ടുന്നതിൽ തൃപ്തനാവാതെ കഥാപാത്രത്തെ കൂടുതൽ കൂടുതൽ നന്നാക്കാനുള്ള ശ്രമങ്ങൾ ചെയ്യുന്നതു കൊണ്ടാണ് പത്തു നാൽപത് കൊല്ലമായിട്ട് താൻ സിനിമയിൽ നിൽക്കുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
'ഞാനും ദിലീപും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമല്ല, ഞങ്ങൾ മറ്റ് താരങ്ങൾക്കൊപ്പം വർക്ക് ചെയ്യുമ്പോഴും ഒരു സീൻ കിട്ടിക്കഴിഞ്ഞാൽ പരമാവധി ഇംപ്രൊവൈസ് ചെയ്യാൻ ശ്രമിക്കും. അത് ഹ്യൂമർ മാത്രമല്ല, പല കാര്യങ്ങളും നമ്മൾ അങ്ങനെ ചെയ്യാറുണ്ട്. ഷാരിസിനോടും ബിൻറോയോടും ചോദിച്ചാൽ അറിയാം. അത് ദിലീപും ഞാനുമൊക്കെ സ്ഥിരം ചെയ്യുന്നതാണ്. ഷാരിസും ബിൻറോയും വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞത് ഇവൻ (ധ്യാൻ) എപ്പോൾ കേട്ടു എന്നതാണ് എനിക്ക് മനസിലാവാത്തത്. അത് വേണ്ട എന്ന് പറഞ്ഞിട്ടില്ല അവർ.
ഒരു കഥാപാത്രത്തിൻറെ ചട്ടക്കൂട് മാത്രമാണ് അവർ നമുക്ക് തരുന്നത്. അതിന് മജ്ജയും മാസവും ഒക്കെ വച്ചുപിടിപ്പിച്ച് അതിനൊരു സ്വഭാവം കൊണ്ടുവരേണ്ടത് നമ്മളാണ്. എനിക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാൽ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്. അതിൻറെ സംവിധായകനും തിരക്കഥാകൃത്തിനും എത്രയോ ആളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എനിക്ക് എൻറെ കാര്യം മാത്രം നോക്കിയാൽ മതി. കിട്ടുന്നതിൽ തൃപ്തനാവാതെ അതിനെ കൂടുതൽ കൂടുതൽ നന്നാക്കാനുള്ള ശ്രമം ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണെടാ പത്ത് നാൽപത് കൊല്ലമായിട്ട് ഇവിടെ നിൽക്കുന്നത്, ധ്യാനെ', സിദ്ദിഖ് പറഞ്ഞു.