Happy Birthday Prithviraj: മമ്മൂട്ടിക്ക് മാത്രമല്ല പൃഥ്വിരാജിനും ഉണ്ട് റിവേഴ്‌സ് ഗിയര്‍ ! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ പ്രായം അറിയുമോ?

രേണുക വേണു
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (11:59 IST)
Happy Birthday Prithviraj Sukumaran: സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ 42-ാം ജന്മദിനമാണ് ഇന്ന്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പൃഥ്വിരാജിന് സിനിമാലോകം ഒന്നടങ്കം ജന്മദിനാശംസകള്‍ നേരുകയാണ്. 1982 ഒക്ടോബര്‍ 16 നാണ് അഭിനേതാക്കളായ സുകുമാരന്‍, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്. നടന്‍ ഇന്ദ്രജിത്താണ് പൃഥ്വിരാജിന്റെ സഹോദരന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 
 
രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍, തിയറ്ററില്‍ ആദ്യമെത്തിയും സിനിമ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ പൃഥ്വിരാജ് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
വെള്ളിത്തിര, സ്വപ്നക്കൂട്, ചക്രം, സത്യം, അത്ഭുതദ്വീപ്, അനന്തഭദ്രം, ക്ലാസ്‌മേറ്റ്‌സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, മേക്കപ്പ്മാന്‍, മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പി, ബാച്ച്‌ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, സെല്ലുല്ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍ത് ഡെ, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, എസ്ര, കൂടെ, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും, കുരുതി, ബ്രോ ഡാഡി, ജന ഗണ മന, കടുവ, ഗോള്‍ഡ്, ആടുജീവിതം, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 
 
2006, 2012, 2023 എന്നീ വര്‍ഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പൃഥ്വിരാജ് കരസ്ഥമാക്കിയിട്ടുണ്ട്. വാസ്തവം, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ സിനിമകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ലൂസിഫര്‍, ബ്രോ ഡാഡി എന്നിവയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമകള്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോള്‍. അടുത്ത വര്‍ഷമായിരിക്കും എംപുരാന്‍ തിയറ്ററുകളിലെത്തുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article