ബോളിവുഡ് സിനിമയെ സംബന്ധിച്ച് നല്ല പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ് 2023ന് അവസാനമാകുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ ബോക്‌സോഫീസ് തുടര്‍ച്ചയായി കീഴടക്കി തുടങ്ങിയപ്പോള്‍ സ്ഥിരമായി മോശം ചിത്രങ്ങള്‍ സമ്മാനിച്ചിരുന്ന അവസ്ഥയില്‍ നിന്നാണ് 2023ന് ബോളിവുഡ് തുടക്കം കുറിച്ചതെങ്കിലും പത്താന്‍ എന്ന സിനിമയിലൂടെ ഷാറൂഖ് ഖാന്‍ വലിയ വിജയം സമ്മാനിച്ചതിനെ തുടര്‍ന്ന് പതിവ് പ്രൗഡിയിലേക്കുള്ള ബോളിവുഡിന്റെ പടയോട്ടമാണ് പിന്നീട് കാണാനായത്. ഹിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന വ്യവസായം എന്നതിലേക്ക് ബോളിവുഡ് തിരിച്ചെത്തി എന്നത് മാത്രമല്ല 2023നെ പ്രധാനമാക്കുന്നത്. ഒപ്പം ഏറെ കാലമായി നിറം മങ്ങി നിന്നിരുന്ന 90 കളിലെയും 2000 കാലഘട്ടത്തിന്റെയും ഹീറോകളായ സണ്ണി ഡിയോള്‍,ഷാറൂഖ് ഖാന്‍,ബോബി ഡിയോള്‍ എന്നീ താരങ്ങളുടെ ശക്തമായ തിരിച്ചുവരവുകളും 2023ല്‍ നടന്നു.
പത്താന്‍ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാനായ ഷാറൂഖ് ഖാന്റെ തിരിച്ചുവരവ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 534 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. പിന്നാലെ ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ ചിത്രമായ ജവാന്‍ 640 കോടി രൂപയും ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കി. ക്രിസ്മസ് റിലീസായെത്തിയ രാജ്കുമാര്‍ ഹിറാനി ഷാറൂഖ് ചിത്രവും വലിയ വിജയമാണ് ബോക്‌സോഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം 2001ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗദ്ദര്‍: എക് പ്രേം കഥ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഗദ്ദര്‍ 2വിലൂടെയാണ് സണ്ണി ഡിയോള്‍ ബോളിവുഡിനെ ഞെട്ടിച്ചത്. 2001ലെ ആദ്യ ചിത്രത്തില്‍ നായികയായ അമീഷ പട്ടേല്‍ തന്നെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ബോക്‌സോഫീസില്‍ നിന്നും 525 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. സണ്ണി ഡിയോളിനെ കൂടാതെ ഡിയോള്‍ കുടുംബത്തില്‍ നിന്നുള്ള എല്ലാവരില്‍ നിന്നും ഹിറ്റ് ചിത്രങ്ങള്‍ പിറന്ന വര്‍ഷമായിരുന്നു 2023. റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ ധര്‍മേന്ദ്രയും അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ സിനിമയിലൂടെ ബോബി ഡിയോളും ശക്തമായ തിരിച്ചുവരവുകള്‍ നടത്തി. 531 കോടി രൂപയാണ് രണ്‍ബീര്‍ ചിത്രമായ അനിമല്‍ ഇന്ത്യയില്‍ നിന്നും കളക്റ്റ് ചെയ്തത്