“യൂ റ്റൂ ബ്രൂട്ടസ്!” - ശ്രീനിവാസന്‍ ‘തീവ്ര’മായി പറയും!

Webdunia
വെള്ളി, 21 ജൂണ്‍ 2013 (20:10 IST)
PRO
ഒരു സിനിമ. ആറ് ക്ലൈമാക്സുകള്‍. നായകന്‍ ശ്രീനിവാസന്‍. ‘തീവ്രം’ എന്ന ത്രില്ലറിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ കാര്യമാണ് പറയുന്നത്. ചിത്രത്തിന് ‘യൂ റ്റൂ ബ്രൂട്ടസ്’ എന്ന് പേരിട്ടു.

ഒരു സിനിമയില്‍ തന്നെ ആറ്‌ ക്ലൈമാക്സുകള്‍ ലോക സിനിമയില്‍ തന്നെ അപൂര്‍വമാണ്. ഈ സിനിമയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, മൂന്ന് ക്ലൈമാക്സുകളായിരിക്കും തന്‍റെ 'ഒന്നും മിണ്ടാതെ’ എന്ന സിനിമയ്ക്കെന്ന് സംവിധായകന്‍ സുഗീത് അറിയിച്ചിരുന്നു. എന്തായാലും ഇനി വരുന്ന കുറച്ചു സിനിമകളില്‍ ക്ലൈമാക്സുകളുടെ എണ്ണം എങ്ങനെ കൂട്ടാമെന്ന ഗവേഷണം നടന്നേക്കുമെന്ന് തോന്നുന്നു.

യൂ റ്റൂ ബ്രൂട്ടസിലേക്ക് വരാം. ശ്രീനിവാസനെക്കൂടാതെ അജു വര്‍ഗീസ്, അഹമ്മദ് സിദ്ദിക്കി, അനു മോഹന്‍ തുടങ്ങിയവരും താരങ്ങളാണ്. സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

രൂപേഷിന്‍റെ ‘തീവ്ര’ത്തിലും ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. ആ സിനിമയിലെ ഗൌരവക്കാരനും അതേസമയം തമാശക്കാരനുമായ പൊലീസ് ഉദ്യോഗസ്ഥനെ ശ്രീനി ഒന്നാന്തരമാക്കിയിരുന്നു. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാകും ശ്രീനിവാസന് രൂപേഷ് നല്‍കുക എന്ന് പ്രതീക്ഷിക്കാം. കാത്തിരിക്കാം.