‘രാവണന്‍’ ഡബ്ബിംഗ് സ്റ്റുഡിയോയില്‍

Webdunia
ഞായര്‍, 17 ജനുവരി 2010 (14:18 IST)
PRO
PRO
മണിരത്നം സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ രാവണന്‍ ചിത്രീകരണം പൂ‍ര്‍ത്തിയായി. കേരളത്തിലേയും ഊട്ടിയിലേയും അടക്കം വിവിധ വനപ്രദേശങ്ങളിലായാണ് രാവണന്‍ ചിത്രീകരിച്ചത്. തമിഴിലും ഹിന്ദിയിലുമായി രണ്ടു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. അശോകവനം എന്നാണ് തമിഴ് പതിപ്പിന്‍റെ പേര്.

രാമായണ കഥയാണ് സിനിമയുടെ പ്രമേയം. ഹിന്ദിയില്‍ രാമനായി അഭിഷേക് ബച്ചനും സീതയായി ഐശ്വര്യാറായിയുമാണ് അഭിനയിക്കുന്നത്. വില്ലനായ രാവണന്‍റെ വേഷത്തില്‍ തമിഴ് സൂപ്പര്‍താരം വിക്രം എത്തും. തമിഴില്‍ വിക്രമാണ് രാമന്‍റെ വേഷത്തില്‍. നായിക ഐശ്വര്യ തന്നെ. തമിഴില്‍ രാവണവേഷം പൃഥിരാജിനാണ്. പ്രിയാമണിയും ഈ ചിത്രത്തില്‍ ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികള്‍ ഇപ്പോള്‍ പകുതിയായിട്ടുണ്ടെന്നാണ് വിവരം. പൃഥ്വിരാജ്, പ്രിയാമണി തുടങ്ങി ഏതാനും പേരുടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഐശ്വര്യാ റായിയുടേയും ഗോവിന്ദയുടേയും ഡബ്ബിംഗ് ആണ് ഇനി പൂര്‍ത്തിയാവാനുള്ളത്.

പ്രസാദ് സ്റ്റുഡിയോയില്‍ പ്രധാന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെല്ലാം തന്നെ എത്തിയിട്ടുണ്ട്. ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയായാലുടന്‍ ചിത്രത്തിന്‍റെ സൌണ്ട് ഇഫക്ട് ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ റഹ്‌മാന്‍റെ എ‌എം സ്റ്റുഡിയോയില്‍ രാവണന്‍റെ റീറെക്കോര്‍ഡിംഗ് വര്‍ക്കുകള്‍ തുടങ്ങും.