‘ജെന്‍റില്‍മാന്‍’ തമിഴിലേക്കും ഹിന്ദിയിലേക്കും, വന്‍ താരങ്ങള്‍ വട്ടമിടുന്നു!

Webdunia
ബുധന്‍, 17 ഏപ്രില്‍ 2013 (20:31 IST)
PRO
മോഹന്‍ലാല്‍ ചിത്രം ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ സൂപ്പര്‍ഹിറ്റായതോടെ തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താരങ്ങള്‍ക്ക് ഉറക്കമില്ലാതായി. സിദ്ദിക്കിന്‍റെ മലയാള സിനിമയുടെ വിധിയറിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു കോളിവുഡ്, ബോളിവുഡ് താരങ്ങളും നിര്‍മ്മാതാക്കളും. ചിത്രത്തിന്‍റെ വന്‍ വിജയം അറിഞ്ഞതുമുതല്‍ റീമേക്ക് ചര്‍ച്ചകളും സജീവമായി.

‘ബോഡിഗാര്‍ഡ്’ ചരിത്രം ജെന്‍റില്‍മാനും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പുതിയ വാര്‍ത്ത. മലയാളത്തില്‍ ഹിറ്റായ ബോഡിഗാര്‍ഡ് സിദ്ദിക്ക് തമിഴിലും തെലുങ്കിലും മെഗാഹിറ്റുകളാക്കി മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ നായകനാകാന്‍ താരങ്ങള്‍ തമ്മില്‍ മത്സരം ആരംഭിച്ചിരിക്കുകയാണ്.

ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ റീമേക്കുകളുടെ പ്രാഥമികതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സിദ്ദിക്ക് വ്യക്തമാക്കിയിട്ടുണ്ട്. ജെന്‍റില്‍‌മാന്‍റെ പ്രമോഷന്‍ ജോലികള്‍ കഴിഞ്ഞാലുടന്‍ റീമേക്ക് ജോലികള്‍ ആരംഭിക്കും. സിദ്ദിക്ക് തന്നെ രണ്ട് ഭാഷകളിലും സംവിധാനം നിര്‍വഹിക്കും.

ആദ്യം തമിഴ് ചിത്രത്തിന്‍റെ ജോലികളാകും തുടങ്ങുക. മോഹന്‍ലാല്‍ അനശ്വരമാക്കിയ ചന്ദ്രബോസ് എന്ന കഥാപാത്രമായി തമിഴകത്തെ സൂപ്പര്‍താരങ്ങളില്‍ പലരെയും പരിഗണിക്കുന്നുണ്ട്. വിജയ്, അജിത്, വിക്രം, സൂര്യ എന്നിവരിലൊരാള്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ റീമേക്കില്‍ സല്‍മാന്‍ ഖാന്‍ നായകനാകാനാണ് സാധ്യത. എന്നാല്‍ അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കാന്‍ ശ്രമം ആരംഭിച്ചതായാണ് സൂചന.