ഹോളിവുഡ് സൂപ്പര്‍താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ ഇന്ത്യയിലെത്തുകയാണ്. ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി മാറാന്‍ പോകുന്ന 'ഐ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായാണ് ഷ്വാര്‍സനെഗര്‍ ചെന്നൈയിലെത്തുന്നത്. ഈ മാസം 15ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഒരാഗ്രഹം ഷ്വാര്‍സനെഗര്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട് - എങ്ങനെയെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഒന്നുകാണണം!
ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ'യിലെ നായകന്‍ വിക്രം ആണ്. 180 കോടി മുതല്‍മുടക്കി ആസ്കാര്‍ രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. "ഷ്വാര്‍സനെഗര്‍ കാലിഫോര്‍ണിയ ഗവര്‍ണറായിരിക്കെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈയിലെത്തുമ്പോള്‍ ജയലളിതയെ നേരില്‍ കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഷ്വാര്‍സനെഗറിന്‍റെ ടീം ഇതുസംബന്ധിച്ച ഒരു അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്" - ആസ്കാര്‍ രവിചന്ദ്രന്‍ പറഞ്ഞു.
വേറൊരു അത്ഭുതവും 'ഐ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടക്കും. അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും സംബന്ധിക്കും. രണ്ടു സൂപ്പര്‍താരങ്ങളും ചേരുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ഓഡിയോ ലോഞ്ചായി ഇത് മാറും.
അന്താരാഷ്ട്ര പ്രശസ്തനും ഗിന്നസ് ജേതാവുമായ ബബിള്‍ ആര്‍ട്ടിസ്റ്റ് അനാ യാംഗിന്‍റെ പെര്‍ഫോമന്‍സ് ഈ ഓഡിയോ ലോഞ്ച് ചടങ്ങിന്‍റെ ഹൈലൈറ്റ് ആയിരിക്കും. എ ആര്‍ റഹ്‌മാന്‍റെ കണ്‍സേര്‍ട്ട്, ഐ സിനിമയിലെ ഗാനങ്ങളുടെ അതേ മേക്കപ്പില്‍ ഡാന്‍സേഴ്സ് അണിനിരക്കുന്ന ഡാന്‍സ് പരിപാടി, ഫാഷന്‍ ഷോ തുടങ്ങിയവയൊക്കെയാണ് ഈ ചടങ്ങിന് നിറപ്പകിട്ടേകാന്‍ ഒരുക്കിയിരിക്കുന്നത്.