ജയറാമിന് മലയാളത്തില്‍ പുതുജീവന്‍ സമ്മാനിച്ച ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നു. സംവിധായകന്‍ തങ്കര്‍ബച്ചനാണ് വെറുതെ ഒരു ഭാര്യ തമിഴിലെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ജയറാമോ ഗോപികയോ ഈ തമിഴ് ചിത്രത്തില്‍ അഭിനയിക്കില്ല. ജയറാം അവതരിപ്പിച്ച സുഗുണന്‍ എന്ന കഥാപാത്രത്തിനായി പ്രകാശ് രാജിനെ പരിഗണിക്കുന്നുണ്ട്. നായിക സ്നേഹയായിരിക്കാനാണ് സാധ്യത. തങ്കര്‍ബച്ചന്‍റെ പള്ളിക്കൂടം എന്ന ചിത്രത്തില്‍ സ്നേഹയായിരുന്നു നായിക. സുഗുണന്‍റെ മകളായി നിവേദിത തന്നെ അഭിനയിക്കും.
വെറുതെ ഒരു ഭാര്യയുടെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ തന്നെയായിരിക്കും തമിഴ് റീമേക്കിന്‍റെയും നിര്‍മ്മാണം. പള്ളിക്കൂടം, അഴകി, ഒമ്പതുരൂപാ നോട്ട് തുടങ്ങിയവയാണ് തങ്കര്‍ബച്ചന്‍ സംവിധാനം ചെയ്ത സിനിമകള്‍.
മലയാളത്തില്‍ ഹിറ്റായ ലോ ബജറ്റ് ചിത്രങ്ങള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന പ്രവണത കൂടി വരികയാണ്. അടുത്തിടെ ‘വടക്കുനോക്കിയന്ത്രം’ എന്ന മലയാള ചിത്രം ‘ഡിണ്ടുഗല്‍ സാരഥി’ എന്ന പേരില്‍ റീമേക്ക് ചെയ്ത് വന്‍ വിജയം കൊയ്തിരുന്നു.
തമിഴിലെ വലിയ നിര്‍മ്മാണക്കമ്പനികള്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെയൊക്കെ കഥകള്‍ ശേഖരിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇഷ്ടപ്പെടുന്ന സിനിമകളൊക്കെ തമിഴില്‍ റീമേക്ക് ചെയ്യാനാണ് നീക്കം. മലയാളചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെ ഈ രീതിയില്‍ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്.