വിജയ്‌യുടെ കവിളില്‍ നുള്ളാന്‍ കൊതി: സത്യരാജ്

Webdunia
വെള്ളി, 27 ജനുവരി 2012 (18:19 IST)
PRO
PRO
തമിഴകത്തെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ എം‌ജി‌ആറിന് ഉണ്ടായിരുന്ന ഗുണകണങ്ങള്‍ ഇളയ ദളപതി വിജയ്‌യിന് ഉണ്ടെന്നും വിജയ്‌യിനെ കാണുമ്പോഴൊക്കെ വിജയ്‌യുടെ കവിളില്‍ നുള്ളാന്‍ തനിക്ക് തോന്നാറുണ്ടെന്നും തമിഴ് നടന്‍ സത്യരാജ്. തമിഴ് ചാനലായ വിജയ് ടിവിയില്‍ പ്രക്ഷേപണം ചെയ്ത ‘നന്‍‌പന്‍’ സ്പെഷ്യല്‍ ഷോയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് വിയജ്‌യിനോടുള്ള തന്റെ ആരാധന സത്യരാജ് വെളിപ്പെടുത്തിയത്.

“ഞാന്‍ പറയാന്‍ പോകുന്ന കാര്യം എത്രയോ തവണ ഞാന്‍ പറയാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ നിയന്ത്രിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പറഞ്ഞേ പറ്റൂ. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ അമീര്‍ ഖാനാണെന്ന് സംശയമില്ല. എന്നാല്‍ നന്‍‌പന്‍ എന്ന സിനിമയിലെ അഭിനയം വിജയ്‌യിനെ അമീര്‍ ഖാന്റെ റേഞ്ചില്‍ എത്തിക്കുന്നു.”

“മനസില്‍ എന്ത് തോന്നുന്നുവോ അത് തുറന്ന് പറയുന്നതാണ് എന്റെ സ്വഭാവം. വിജയ്‌യിനെ കാണുമ്പോഴൊക്കെ വിജയ്‌യുടെ കവിളില്‍ നുള്ളാന്‍ എനിക്ക് തോന്നാറുണ്ട്. അത്രയ്ക്കും ‘ക്യൂട്ട്’ ആണ് വിജയ്. എന്റെ ആരാധനാമൂര്‍ത്തിയായ എം‌ജി‌ആര്‍ക്കും ഈ ‘ക്യൂട്ട്‌നസ്’ ഉണ്ടായിരുന്നു. ഇപ്പോഴാ ‘ക്യൂട്ട്‌നസ്’ ഞാന്‍ കാണുന്നത് വിജയ്‌യില്‍ ആണ്” - സത്യരാജ് പറഞ്ഞു.

3 ഇഡിയറ്റ്സ് എന്ന സിനിമയില്‍ കര്‍ക്കശക്കാരനായ പ്രിന്‍സിപ്പലായാണ് നന്‍‌പനില്‍ സത്യരാജ് വേഷമിട്ടത്. സത്യരാജിന്റെ ഈ കഥാപാത്രത്തിന് ഏറെ നിരൂപക പ്രശംസയും ലഭിച്ചിരുന്നു. പൊങ്കല്‍ ചിത്രങ്ങളില്‍ ഒന്നാമതെത്തിയ നന്‍‌പന്റെ ക്രൂവിനെ പരിചയപ്പെടുത്തിയ ടിവി ഷോയില്‍ സം‌വിധായകന്‍ ശങ്കറും നടന്‍ വിജയ്‌യും ഉള്‍‌പ്പെടെ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു. സത്യരാജിന്റെ പ്രശംസ നാണം കലര്‍ന്ന ചിരിയോട് വിജയ് ആസ്വദിച്ചു.