വര്‍ഷം വമ്പന്‍ ഹിറ്റ്, മമ്മൂട്ടി ബോക്സോഫീസ് രാജ!

ചൊവ്വ, 11 നവം‌ബര്‍ 2014 (17:43 IST)
രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ബോക്സോഫീസ് വിസ്മയമാകുകയാണ്. ഇക്കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തിയ 'വര്‍ഷം' മെഗാഹിറ്റായി മാറുന്നു. സൂപ്പര്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമ ഓരോ ദിവസവും കളക്ഷനില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിച്ച് മുന്നേറുകയാണ്. സംവിധായകന്‍ രഞ്ജിത് ശങ്കറും മമ്മൂട്ടിയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നല്ല കഥയും ഹൃദയസ്പര്‍ശിയായ രംഗങ്ങളും മമ്മൂട്ടി എന്ന മഹാനടന്‍റെ തകര്‍പ്പന്‍ പ്രകടനവുമാണ് ചിത്രത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാക്കി മാറ്റുന്നത്. 
 
മിതമായ ബജറ്റില്‍ ഒരുങ്ങിയ വര്‍ഷം കോടികളുടെ ലാഭം നേടുമെന്നുറപ്പാണ്. കുടുംബപ്രേക്ഷകര്‍ തള്ളിക്കയറുന്നതിനാല്‍ ചിത്രത്തിന് ലോംഗ് റണ്‍ അനായാസം സാധിക്കും. മമ്മൂട്ടിയുടെ സാന്നിധ്യം തന്നെയാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കി മാറ്റുന്നത്.
 
വേണു എന്ന ബിസിനസുകാരന്‍റെ ജീവിതവും അപ്രതീക്ഷിതമായി അയാള്‍ക്ക് നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളും മാനസിക വ്യഥയുമാണ് ചിത്രം പറയുന്നത്. മനസില്‍ തൊടുന്ന സംഭാഷണങ്ങള്‍ പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നു.
 
ദൃശ്യത്തിന് ശേഷം ആശാ ശരത്തിന്‍റെ ഒന്നാന്തരം പ്രകടനം വര്‍ഷത്തിന്‍റെ പ്രത്യേകതയാണ്. മം‌മ്ത, ടി ജി രവി തുടങ്ങി അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയാണ് വര്‍ഷത്തില്‍.
 
തുടര്‍ച്ചയായുള്ള പരാജയങ്ങളെല്ലാം പഴങ്കഥയാക്കി മാറ്റി മെഗാസ്റ്റാര്‍, താന്‍ തന്നെയാണ് ബോക്സോഫീസ് രാജയെന്ന് വീണ്ടും തെളിയിക്കുകയാണ് വര്‍ഷത്തിന്‍റെ തകര്‍പ്പന്‍ വിജയത്തിലൂടെ.

വെബ്ദുനിയ വായിക്കുക