വരുന്നു, മറ്റൊരു മഴയെത്തും മുന്‍‌പെ...!

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (20:27 IST)
PRO
1986 ലാണ് കമല്‍ സംവിധായകനാകുന്നത്. ‘മിഴിനീര്‍പ്പൂവുകള്‍’ എന്ന ആ സിനിമയില്‍ മോഹന്‍ലാലും നെടുമുടി വേണുവുമായിരുന്നു പ്രധാന താരങ്ങള്‍. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരു സിനിമയെടുക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. 1995ലാണ് കമല്‍ - മമ്മൂട്ടി ടീമിന്‍റെ ആദ്യ സിനിമ ‘മഴയെത്തും മുന്‍‌പെ’ സംഭവിക്കുന്നത്. അത് വന്‍ ഹിറ്റായി.

പിന്നീട് അഴകിയ രാവണന്‍, രാപ്പകല്‍, കറുത്ത പക്ഷികള്‍ എന്നീ സിനിമകള്‍. കറുത്ത പക്ഷികള്‍ 2006ലായിരുന്നു. അതിന് ശേഷം എട്ടുവര്‍ഷം മമ്മൂട്ടി നായകനായി ഒരു കമല്‍ ചിത്രം ഉണ്ടായില്ല. ഇപ്പോഴിതാ, കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുകയാണ്.

‘ആമേന്‍’ എന്ന സൂപ്പര്‍ഹിറ്റ് രചിച്ച പി എസ് റഫീക്കിന്‍റെ തിരക്കഥയിലാണ് കമല്‍ മമ്മൂട്ടിച്ചിത്രം ഒരുക്കുന്നത്. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

പി എസ് റഫീക്കിന്‍റെ നായകന്‍, ആമേന്‍ എന്നീ സിനിമകള്‍ അസാധാരണമായ ട്രീറ്റ്മെന്‍റില്‍ കഥ പറഞ്ഞ സിനിമകളായിരുന്നു. എന്നാല്‍ കമലുമൊത്ത് മറ്റൊരു മഴയെത്തും മുന്‍‌പെയ്ക്കാണ് ശ്രമമെന്നാണ് ആദ്യ സൂചനകള്‍.