രതിനിര്‍വേദത്തിലെ നായകന്റെ ‘എന്നെന്നും ഓര്‍മ്മയ്ക്കായി’

Webdunia
ഞായര്‍, 29 മെയ് 2011 (14:06 IST)
PRO
PRO
ടി കെ രാജീവ് സംവിധാനം ചെയ്ത രതിനിര്‍വേദത്തില്‍ നായകനായ പപ്പുവിനെ അവതരിപ്പിച്ച ശ്രീജിത്ത് വിജയിയുടെ പുതിയ ചിത്രം തുടങ്ങി‍. രാജന്‍ പി ദേവിന്റെ പുത്രന്‍ ജൂബിന്‍രാജ്‌, പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരമായിരുന്ന ബാദുഷ, പുതുമുഖം അനന്തു എന്നിവര്‍ക്കൊപ്പം ശ്രീജിത്തും പ്രധാനവേഷത്തിലെത്തുന്ന എന്നെന്നും ഓര്‍മ്മയ്‌ക്കായ്‌ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.

ധന്യാമേരി വര്‍ഗീസ്‌ ആണ് ചിത്രത്തിലെ നായിക. ബിജുക്കുട്ടന്‍, അനൂപ്‌ചന്ദ്രന്‍, ശ്രീജിത്ത്‌രവി, ഭീമന്‍രഘു,കൊച്ചുപ്രേമന്‍, മജീദ്‌, കെപിഎസിലളിത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സിദ്ധാര്‍ത്ഥന്‍, അബ്‌ദു, അനന്തു, കുഞ്ഞ്‌ എന്ന നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ബാപ്പയുടെ മരണത്തോടെ അബ്ദുവിന്റെ കുടുംബം ദുരിതത്തിലാകുന്നു. ഗള്‍ഫിലേയ്‌ക്ക്‌ പോകാന്‍ വിസ ശരിയായതിനാല്‍ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളുമായി കൂട്ടുകാര്‍ക്കൊപ്പം അബ്‌ദു കൊച്ചിയിലെത്തുന്നു. എന്നാല്‍ അബ്ദു ചതിക്കപ്പെടുകയായിരുന്നു. പണം തട്ടിയെടുത്ത് വിസബാബു മുങ്ങി. കാശില്ലാതെ ഇനി നാട്ടിലേയ്‌ക്ക്‌ പോകില്ലെന്ന് തീരുമാനിച്ച സുഹൃത്തുക്കള്‍ നഗരത്തില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. പിന്നീടുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീജിത്ത്‌വിജയ്‌ ആണ്‌ സിദ്ധാര്‍ത്ഥനായി അഭിനയിക്കുന്നത്‌. അബ്‌ദുവായി ജൂബില്‍രാജും കുഞ്ഞുവായായി ബാദുഷയും അനന്തുവായി പുതുമുഖം അനന്തുവും വിസബാബുവായി ശ്രീജിത്ത്‌രവിയും വേഷമിടുന്നു.

റോബിന്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിജോയ്‌ നിര്‍വഹിക്കുന്നു. പ്രമോദ്‌ വൈക്കമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക്‌ സൈജു-രഞ്‌ജു ഈണം പകരുന്നു.

അതേസമയം ശ്രീജിത്തും ശ്വേതാമേനോനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന രതിനിര്‍വേദം ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തും.