മലയാള സിനിമയിൽ ഇപ്പോൾ പൃഥ്വിരാജിന്റെ ഭരണം. സംവിധായകരും നിർമ്മാതാക്കളുമെല്ലാം ഇപ്പോൾ പൃഥ്വിയുടെ ഡേറ്റിനായാണ് നെട്ടോട്ടമോടുന്നത്. മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടൻ പൃഥ്വിരാജാണെന്നാണ് ആരാധകരുടെ അഭിപ്രായം. പൃഥ്വിയുടെ ഓരോ സിനിമയ്ക്കായും മലയാളികൾ കാത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പൃഥ്വിരാജിന്റെ സിനിമകൾ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന് മലയാളികൾ വിശ്വസിക്കുന്നു.
ഇപ്പോൾ ഒരേസമയം മൂന്ന് പൃഥ്വിരാജ് സിനിമകളാണ് തിയേറ്ററുകളിൽ മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, അനാർക്കലി എന്നീ സിനിമകൾ ഒരേസമയം വിജയതരംഗം തീർത്തത് പൃഥ്വി ആരാധകർക്ക് ആഘോഷനിമിഷങ്ങളാണ് സമ്മാനിക്കുന്നത്. തിയേറ്ററുകളിൽ പൃഥ്വി സിനിമകൾ കാണാൻ മാത്രമാണ് ജനം എത്തുന്നത് എന്നതാണ് അവസ്ഥ.
ചാനൽ റേറ്റിംഗിലും പൃഥ്വി മുന്നേറുകയാണ്. പൃഥ്വിരാജിന്റെ സിനിമകൾ എത്രകോടി രൂപ നൽകിയാലും എടുക്കാൻ ഇപ്പോൾ ചാനലുകൾ മത്സരിക്കുകയാണ്. എന്ന് നിന്റെ മൊയ്തീൻ സൂര്യ ടി വി വങ്ങിയത് എട്ടുകോടി രൂപയ്ക്കാണ്. ഇത്രയും വലിയ തുകയ്ക്ക് ഒരു മലയാള സിനിമ ഒരു ചാനൽ വാങ്ങുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്.
കാമ്പുള്ള സിനിമകൾക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന ശൈലിയാണ് പൃഥ്വി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മലയാളികൾ തങ്ങളുടെ മനസിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് തുല്യമായ സ്ഥാനം പൃഥ്വിക്ക് നൽകിയതോടെ ഇനി മലയാള സിനിമാലോകം പൃഥ്വിയുടെ ഭരണത്തിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.