എല്ലാവര്‍ക്കും പറയാം, സൂപ്പര്‍താരങ്ങള്‍ സെലക്‍ടീവാകണം എന്ന്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മതി എന്ന്. എന്നാല്‍ താരങ്ങളുടെ ആരാധകരെ സംബന്ധിച്ച് അത് അത്ര നല്ല കാര്യമല്ല. തങ്ങള്‍ ജീവനുതുല്യം സ്നേഹിക്കുന്ന താരത്തിന്‍റെ സിനിമ വരാന്‍ വേണ്ടി അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അവരെ വിഷമസന്ധിയിലാക്കും.
ഇപ്പോള്‍, മോഹന്‍ലാലിന്‍റെ കാര്യം തന്നെയെടുക്കാം. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. കോടിക്കണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന നടനാണ്. അദ്ദേഹത്തിന്‍റെ ആരാധകര്‍ ഇപ്പോള്‍ ആകെ നിരാശയിലാണ്. അവരുടെ ലാലേട്ടന്‍റെ സിനിമകള്‍ തമ്മില്‍ ഇടവേള കൂടുന്നതാണ് സങ്കടത്തിന് കാരണം. മോഹന്‍ലാല്‍ ഇനി വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മലയാളത്തില്‍ ചെയ്താല്‍ മതിയെന്ന് തീരുമാനമെടുത്തത് ആരാധകരെയാണ് കുഴപ്പത്തിലാക്കിയത്.
2015 ഒക്ടോബര്‍ 22നാണ് മോഹന്‍ലാല്‍ അഭിനയിച്ച ഒരു മലയാള സിനിമ അവസാനമായി തിയേറ്ററുകളിലെത്തിയത്. ‘കനല്‍’ എന്ന ആ ചിത്രം പക്ഷേ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുമില്ല. ആ സിനിമ പുറത്തുവന്നതിന് ശേഷം ആറുമാസം കടന്നുപോയിരിക്കുന്നു. മോഹന്‍ലാലിന്‍റേതായി ഒരു മലയാള ചിത്രവും ഇതിനിടയില്‍ തിയേറ്ററുകളിലെത്തിയില്ല. ഈ വര്‍ഷം ഇതുവരെയും മോഹന്‍ലാലിന് ഒരു റിലീസ് ഉണ്ടായിട്ടില്ല.
അതേസമയം മമ്മൂട്ടിക്ക് ഈ ഫെബ്രുവരിയില്‍ ‘പുതിയ നിയമം’ റിലീസായി സൂപ്പര്‍ഹിറ്റായി. ഇപ്പോള്‍ ‘വൈറ്റ്’ റിലീസിന് തയ്യാറായി നില്‍ക്കുന്നു. ഇതെല്ലാം മോഹന്‍ലാല്‍ ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം ‘പുലിമുരുകന്‍’ ഉടന്‍ റിലീസാകുമെന്നും അതോടെ ആരാധകരുടെ എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരമാകുമെന്നും പ്രതീക്ഷിക്കാം.