മോഹന്‍ലാലിനെ ഒഴിവാക്കി, പകരം പൃഥ്വി!

Webdunia
വ്യാഴം, 6 ഫെബ്രുവരി 2014 (16:34 IST)
PRO
ഒരു ഇന്ത്യന്‍ പട്ടാളക്കാരനും പാകിസ്ഥാന്‍ പട്ടാളക്കാരനും കശ്മീരിലെ അപകടകരമായ, മഞ്ഞുറഞ്ഞ ഒരു സ്ഥലത്ത് പെട്ടുപോകുന്നു. മറ്റാരും അവിടെയുണ്ടായിരുന്നില്ല. അവര്‍ അവിടെ അകപ്പെട്ടു എന്ന് ആരും അറിഞ്ഞതുമില്ല. മാസങ്ങളോളം അവര്‍ക്ക് അവിടെ മരണത്തോട് മല്ലിട്ട് കഴിയേണ്ടിവരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത മറന്ന് മനുഷ്യസ്നേഹത്തിന്‍റെ നിമിഷങ്ങള്‍ അവിടെ പിറക്കുകയാണ്.

ഈ കഥയാണ് ‘പിക്കറ്റ് 43’ എന്ന സിനിമ പറയുന്നത്. ഇന്ത്യന്‍ പട്ടാളക്കാരനായി പൃഥ്വിരാജ് അഭിനയിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ പട്ടാളക്കഥ, ഒരു മിലിട്ടറി ഓപ്പറേഷന്‍ തലത്തിലേക്ക് ഉയരുന്ന ഒന്നല്ല. ഇത് ഇമോഷണല്‍ കണ്ടന്‍റിന് പ്രാധാന്യം നല്‍കുന്ന പ്രൊജക്ടാണ്.

മേജര്‍ രവി തന്നെയാണ് പിക്കറ്റ് 43യുടെ രചന നിര്‍വഹിക്കുന്നത്. തന്‍റെ സ്ഥിരം നായകനായ മോഹന്‍ലാലിനെ ഒഴിവാക്കിയാണ് മേജര്‍ രവി പൃഥ്വിരാജിനെ കൊണ്ടുവന്നിരിക്കുന്നത്.

സമീപകാലത്ത് പരാജയങ്ങള്‍ മാത്രം നേരിടേണ്ടിവന്ന സംവിധായകനാണ് മേജര്‍ രവി. പിക്കറ്റ് 43 വന്‍ വിജയമാകേണ്ടത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അനിവാര്യമാണ്. പൃഥ്വിരാജാകട്ടെ, ഈ പ്രൊജക്ടിലൂടെ തന്‍റെ കരിയറിലെ വ്യത്യസ്തമായ ഒരു പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്.