മെഗാഹിറ്റുകളുടെ സ്രഷ്ടാവ് വൈശാഖ് ഇനി ചാക്കോച്ചനോടൊപ്പം!

Webdunia
വെള്ളി, 26 ജൂലൈ 2013 (17:13 IST)
PRO
തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടില്ലേ? സംവിധായകന്‍ വൈശാഖിന്‍റെ കാര്യത്തില്‍ അത് അക്ഷരം‌പ്രതി ശരിയാണ്. ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍മെഗാഹിറ്റുകളാക്കിയ ചരിത്രം വൈശാഖിന് സ്വന്തം. പോക്കിരിരാജ, സീനിയേഴ്സ്, മല്ലുസിംഗ്, സൌണ്ട് തോമ എന്നീ വന്‍ ഹിറ്റ് ചിത്രങ്ങളാണ് വൈശാഖിന്‍റെ ക്രെഡിറ്റിലുള്ളത്. ഇതാ, വൈശാഖ് തന്‍റെ പുതിയ പ്രൊജക്ടുമായി മുന്നോട്ടുനീങ്ങുകയാണ്. പുതിയ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് 17ന് എറണാകുളത്ത് തുടങ്ങുന്നു.

കുഞ്ചാക്കോ ബോബനാണ് വൈശാഖിന്‍റെ പുതിയ ചിത്രത്തിലെ നായകന്‍. താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ഈ സിനിമയുടെ നിര്‍മ്മാണം ആന്‍ മെഗാമീഡിയയാണ്. നവംബര്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം നടക്കുന്നത്.

വൈശാഖിന്‍റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഇതാദ്യമായല്ല അഭിനയിക്കുന്നത്. സീനിയേഴ്സ്, മല്ലുസിംഗ് എന്നീ സിനിമകളിലും ഒരു നായകന്‍ ചാക്കോച്ചനായിരുന്നു. അതിനെയൊക്കെ കടത്തിവെട്ടുന്ന ഗംഭീര കഥാപാത്രത്തെയാണ് ചാക്കോച്ചന് പുതിയ ചിത്രത്തില്‍ വൈശാഖ് നല്‍കുന്നത്.

ഉദയ്കൃഷ്ണ, സിബി കെ തോമസ്, സച്ചി, സേതു, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് വൈശാഖിന്‍റെ കഴിഞ്ഞ മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ചത്. എന്നാല്‍ ഇത്തവണ വൈശാഖ് തന്‍റെ സ്വന്തം തിരക്കഥയിലാണ് സിനിമയെടുക്കാന്‍ പോകുന്നത്. ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടി നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.